ലാത്തൂർ: എയർ ഇന്ത്യ ജീവനക്കാരനെ തല്ലിയ ശിവസേന എംപി രവന്ദ്ര ഗെയ്ക്ക്‌വാദ് വീണ്ടും വിവാദത്തിൽ. എടിഎമ്മിൽ പണമില്ലാത്തതിനാണ് പൊലീസ് ഓഫീസറെ ഗെയ്ക്ക്‌വാദ് അസഭ്യം പറഞ്ഞത്. ശിവസേന എംപിയുടെ മണ്ഡലത്തിലെ മറാത്താവാധ എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടക്കുന്നത്. ഗെയ്ക്ക്‌വാദും പാർട്ടി പ്രവർത്തകരും പൊലീസ് ഓഫീസറെ ചീത്തവിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ചൊവ്വാഴ്ച ലാത്തൂരിൽ എത്തിയ എംപി നോട്ട് ക്ഷാമത്തിനെതിരായ ഒരു സമരത്തിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിക്ക് ശേഷം തന്റെ എടിഎമ്മിൽ നിന്ന് പണം എടുക്കുന്നതിനായി സഹായി പറഞ്ഞയച്ചു. എന്നാൽ എടിഎമ്മിൽ പണം ലഭിച്ചില്ല. ഇത് എംപിയെ അറിയച്ചപ്പോൾ രവീന്ദ്ര ഗെയ്ക്ക്‌വാദിന് കലിയിളകി. എടിഎമ്മിനുമുന്നിൽ പാർട്ടി പ്രവർത്തകരുമായി എത്തി എം.പി സമരം തുടങ്ങി. സമരം മുറുകുന്നതിനിടെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നത് അസഭ്യ വർഷം. പാർട്ടി പ്രവർത്തകരും എംപിയും പൊലീസുകാരനെ ചീത്തവിളിച്ചു. എംപിയുടെ സമരം ഗതാഗതകുരുക്ക് ഉണ്ടായിത് കൊണ്ടാണ് പൊലീസ് ഇവിടെ എത്തിയത്.

സ്ഥലത്ത് വെച്ച് കേന്ദ്രസർക്കാരിനെയും എംപി ചീത്തവിളിച്ചു. നോട്ട് പിൻവലിക്കുമ്പോൾ 50 ദിവസം പ്രയാസങ്ങൾ സഹിക്കാനാണ് മോദി പറഞ്ഞത്, എന്നാൽ ജനങ്ങളുടെ ദുരിതം 5 മാസമായിട്ടും തീർന്നില്ല എന്ന് ഗെയ്ക്ക്‌വാദ് തുറന്നടിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ