മുംബൈ: എയർ ഇന്ത്യയിൽ ജീവനക്കാരനായ കണ്ണൂർ സ്വദേശി രാമൻ സുകുമാരനാണ് ശിവസേന എംപിയിൽ നിന്ന് മർദ്ദനമേറ്റതെന്ന് റിപ്പോർട്ട്. 25 തവണ എംപി ചെരിപൂരി മുഖത്ത് മർദ്ദിച്ചതായി ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്. ആർക്കും ആരെയും ശിക്ഷിക്കാൻ അധികാരമില്ലെന്നും ജനപ്രതിനിധികൾ ജനങ്ങളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കേണ്ടവരാണെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.

അതേസമയം “എംപി സംസാരം വേണ്ട. താഴെ ഇറങ്ങൂ. അല്ലെങ്കിൽ ഞാൻ പ്രധാനമന്ത്രിയോട് പരാതിപ്പെടും” എന്ന് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയതായാണ് രവീന്ദ്ര ഗെയ്‌ക്‌വാദ് സ്പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

നേരത്തേ രവീന്ദ്ര ഗെയ്‌ക്വാദിനെതിരെ എയർ ഇന്ത്യ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ടിരുന്നു. ഡൽഹി വിമാനത്താവള പൊലീസിനാണ് രണ്ട് പരാതികളും ലഭിച്ചിരിക്കുന്നത്. ഡൽഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗത്തിനാണ് അന്വേഷണ ചുമതല.

എയർ ഇന്ത്യ അടക്കം എല്ലാ വിമാനക്കന്പനികളും വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഇദ്ദേഹം മുംബൈയ്ക്ക് തീവണ്ടിയിലാണ് മടങ്ങിയത്. എന്നാൽ കേസിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് ഇന്നലെയും അദ്ദേഹം വ്യക്തമാക്കി. 60 വയസ്സുകാരനായ ഒരു ജീവനക്കാരന് എങ്ങിനെ പെരുമാറണമെന്ന് അറിയണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

ബിസിനസ് ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്ന രവീന്ദ്ര ഗെയ്‌ക്‌വാദ് എംപി യെ ഇക്കോണമി ക്ലാസിൽ ഇരുത്തിയതിൽ കുപിതനായായിരുന്നു മർദ്ദനം. സർവ്വീസ് നടത്തിയത് ബിസിനസ് ക്ലാസ് ഇല്ലാത്ത വിമാനമായിരുന്നു. ഇത് എംപിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്നും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നതായും പരാതികളിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook