ബിജെപിക്ക് തിരിച്ചടി; ചന്ദ്രബാബുവിന് പിന്തുണ അറിയിക്കാന്‍ ശിവസേന നേതാവും

ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് രാവിലെ എട്ട് മണിക്കാണ് രാജ്യ തലസ്ഥാനത്ത് ചന്ദ്രബാബു നായിഡു ഉപവാസം ആരംഭിച്ചത്.

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപവാസ വേദിയിലെത്തി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളലില്‍ പലരും പിന്തുണ വ്യക്തമാക്കി. ഇതിനിടെ ബിജെപിയുടെ സഖ്യ കക്ഷിയായ ശിവസേനയുടെ നേതാവായ സഞ്ജയ് റാവത്തും വേദിയിലെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി സിഎം കമല്‍നാഥ്, കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ് എന്നിവര്‍ക്കൊപ്പമാണ് സഞ്ജയ് റാവത്തുമെത്തിയത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപവാസ വേദിയിലെത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പിന്തുണറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായി ഭാഷയിലായിരുന്നു കെജരിവാളിന്റെ പ്രതികരണം.

”ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അല്ലാതെ പാര്‍ട്ടിയുടെ അല്ല. അദ്ദേഹം മറ്റ് പാര്‍ട്ടികളോട് പെരുമാറുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നല്ല പാകിസ്ഥാന്റെ പ്രധാനമന്ത്രിയെ പോലെയാണ്” കെജരിവാള്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉപവാസ വേദിയിലെത്തി നായിഡുവിന് പിന്തുണ അറിയിച്ചിരുന്നു. സമരവേദിക്കു ചുറ്റും തടിച്ചു കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് നുണ പറയുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘എവിടെയൊക്കെ പ്രധാനമന്ത്രി മോദി പോകുന്നുവോ, അവിടെയെല്ലാം അദ്ദേഹം നുണ പറയും. ആന്ധ്രാപദേശില്‍ പോയി അവിടെയും നുണ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രത്യേക പദവിയെ കുറിച്ചായിരുന്നു അത്. നോര്‍ത്ത് ഈസ്റ്റില്‍ പോയി അവിടെയും നുണ പറഞ്ഞു. മോദിക്ക് വിശ്വാസ്യത ഇല്ല,’ രാഹുല്‍ പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നായിഡുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തൃണമൂലിനെ പ്രതിനിധീകരിച്ച് ഡെറെക്ക് ഒബ്രയാന്‍ നായിഡുവിനെ സന്ദര്‍ശിച്ചിരുന്നു. പിന്നാലെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും വേദിയിലെത്തി നായിഡുവിന് പിന്തുണ അറിയിച്ചു. തങ്ങളല്ലൊവരും നായിഡുവിനൊപ്പമുണ്ടെന്ന് അഖിലേഷ് പറഞ്ഞു.

ആന്ധ്രാ പ്രദേശിന്റെ പ്രത്യേക പദവി ആവശ്യപ്പെട്ട് ഇന്ന് രാവിലെ എട്ട് മണിക്കാണ് രാജ്യ തലസ്ഥാനത്ത് ചന്ദ്രബാബു നായിഡു ഉപവാസം ആരംഭിച്ചത്. രാത്രി എട്ടുമണിയോടെ ഉപവാസം അവസാനിപ്പി്ക്കും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Shiv sena leader visits chandrababu naidu

Next Story
അധികാരത്തിലെത്തും വരെ വിശ്രമമില്ല, പോരാട്ടം അനീതിക്കെതിരെ: രാഹുല്‍ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com