അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. അമൃത്സറില്‍ ക്ഷേത്രത്തിന് പുറത്ത് ധര്‍ണയില്‍ പങ്കെടുക്കുന്നതിനിടെ സൂധീര്‍ സൂരിക്കാണ് വെടിയേറ്റത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തുതായും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
നഗരത്തിലെ തിരക്കേറിയ മേഖലയിലെ ഗോപാല്‍ മന്ദിറിന് പുറത്ത് മജിത റോഡിലായിരുന്നു സംഭവം. കൊല്ലപ്പെട്ട സുധീര്‍ സൂരി അടക്കമുള്ള നേതാക്കള്‍ പുറത്ത് പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുകയായിരുന്നു. അക്രമി അഞ്ചിലധികം പ്രാവശ്യം സുധീര്‍ സൂരിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് പറഞ്ഞു.
സുധീര്‍ സുരിയ്ക്ക് നേരെ നേരത്തെയും ഭീഷണി നിലനിന്നിരുന്നു. എട്ടോളം പൊലീസുകാരുടെ സുരക്ഷ സുധീര്‍ സുരിക്ക് നല്‍കിയിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതായി സംഭവത്തെ അപലപിച്ച് കൊണ്ട് പഞ്ചാബ് ബിജെപി പ്രസിഡന്റ് അശ്വിനി ശര്‍മ്മ പ്രതികരിച്ചു.