മുംബൈ: നവംബർ എഴിനകം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ, രാഷ്ട്രപതി ഭരണം നടപ്പിലാക്കുമെന്ന മുതിർന്ന ബിജെപി നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേനയുടെ വിമർശനം. രാഷ്ട്രപതി ഭരണകക്ഷിയുടെ പോക്കറ്റിലാണോയെന്ന് എഡിറ്റോറിയലിൽ ശിവസേന ചോദിച്ചു.
ബിജെപി നടത്തിയത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ശിവസേന പറഞ്ഞ്. ഇത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് ഭീഷണിയാണോയെന്നു ചോദിച്ച ശിവസേന, ബിജെപിയുടെ പരാമർശം മഹാരാഷ്ട്രയെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.
Read More: മുഖ്യമന്ത്രി കസേര വേണമെന്ന് ശിവസേന; ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ബിജെപി
“സാധാരണ ജനങ്ങൾ ഈ ഭീഷണിയിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്? പ്രസിഡന്റ് ബിജെപിയുടെ പോക്കറ്റിൽ ആണെന്നോ, അതോ പ്രസിഡന്റിന്റെ സീൽ മഹാരാഷ്ട്രയിലെ ബിജെപിയുടെ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നോണോ അതിന്റെ അർഥം? ഈ പാർട്ടിക്ക് സർക്കാരുണ്ടാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആ സീൽ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ രാഷ്ട്രപതിയുടെ ഭരണം ബിജെപിക്ക് അടിച്ചേൽപ്പിക്കാൻ കഴിയുമെന്നാണോ ഇവർ പറയാൻ ശ്രമിക്കുന്നത്” ശിവസേന ചോദിച്ചു.
ഭരണഘടനയെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് പ്രസ്താവനയിൽ വ്യക്തമാകുന്നത്. സ്ഥാപിത മാനദണ്ഡങ്ങൾ മറികടന്ന് ഒരാൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യാനുള്ള ഒരു നീക്കമാണിത്. ഈ പ്രസ്താവന ജനവിധിയെ അപമാനിക്കുന്നതാണ്. തങ്ങൾ മാത്രമേ നാട് ഭരിക്കുകയുള്ളൂവെന്നും മറ്റാർക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നുമുള്ള ബിജെപിയുടെ മനോഭാവത്തിന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിരിക്കുകയാണെന്നും മുഖപത്രത്തിൽ എഴുതിയ എഡിറ്റോറിയലിൽ പറയുന്നു.
നവംബർ ഏഴിനകം പുതിയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്കന്തിവാർ പറഞ്ഞിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ എട്ടിന് അവസാനിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ ഇരു സഖ്യകക്ഷികൾക്കും അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 105 സീറ്റുകൾ ബിജെപി നേടി. 56 സീറ്റുകൾ നേടിയ സേനയെ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി ക്ഷണിച്ചിരുന്നു.