മുംബൈ: രാജ്യത്തെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഐക്കണ്‍ ആയ വീര്‍ സവര്‍ക്കര്‍ക്ക് മോദി യുഗത്തില്‍ പോലും ഭാരത രത്ന നല്കി ആദരിക്കാതിരുന്നത് അത്യന്തം നിര്‍ഭാഗ്യകരമായെന്ന് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ് ശിവസേന തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
അന്തരിച്ച പ്രമുഖ സംഗീതജ്ഞന് ഭൂപെന്‍ ഹസാരികയ്ക്ക് ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കിയത് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് മാത്രമാണെന്നും അതൊരു തെറ്റായ നടപടിയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന, ഏറെ നാളായി വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണം എന്ന ആവശ്യം ഉന്നയിക്കുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിഞ്ഞ കാര്യമെല്ലാം ചൂണ്ടിക്കാട്ടിയാണ് ശിവസേന ഈ ആവശ്യം ഉന്നയിക്കുന്നത്.
ശിവസേനയുടെ രാജ്യസഭാംഗമായ സഞ്ജയ് റൗട്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സവര്‍ക്കരുടെ ശക്തമായ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ കാരണം മുന്‍ സര്‍ക്കാരുകള്‍ അദ്ദേഹത്തിന് ഭാരത രത്ന നല്കി ആദരിച്ചില്ലെന്നും ആ ‘തെറ്റ്’ എന്‍ഡിഎ ഗവണ്മെന്റ് തിരുത്തണമെന്നും കത്തില്‍ പറഞ്ഞിരുന്നു.
‘തങ്ങള്‍ ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. എന്നാല്‍ അധികാരത്തില്‍ വന്നതിന് ശേഷം മോദി സര്‍ക്കാര്‍ എന്താണ് ചെയ്തത്? പ്രതിപക്ഷത്ത് ഇരിക്കുന്ന സമയത്ത് സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികാരത്തില്‍ വന്നപ്പോള്‍ രാമക്ഷേത്രം നിര്‍മ്മിക്കുകയോ സവര്‍ക്കര്‍ക്ക് ഭരത രത്ന നല്‍കുകയോ ചെയ്തില്ല,’ സാമ്നയില്‍ പറയുന്നു.
‘മോദി യുഗത്തില്‍ പോലും സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്,’ കഴിഞ്ഞമാസം ആന്തമാനില്‍ പോയപ്പോള്‍ സവര്‍ക്കര്‍ കഴിഞ്ഞിരുന്ന ജയിലില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നുവെന്നും എന്നാല്‍ മോദിയുടെ മധ്യസ്ഥ ശ്രമങ്ങള്‍ സമുദ്രത്തിലെ തിരമാലകളില്‍ ഒലിച്ചു പോയെന്നും സാമ്ന പരിഹസിച്ചു.