മുംബൈ: ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശിവസേനയുടെ അപ്രതീക്ഷിത നീക്കം. 2014 ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചരണങ്ങള്‍ക്ക് പിന്നിലെ തലയായ പ്രശാന്ത് കിഷോറിനെ തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുകയാണ് ശിവസേന.

പ്രശാന്ത് കിഷോറുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയിലാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. ശിവസേനയുടെ മറ്റ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

”ഉദ്ധവ് ജി പ്രശാന്ത് കിഷോറുമായി വളരെ വിശദമായൊരു ചര്‍ച്ചയാണ് നടത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശിവസേനക്കായി തന്ത്രങ്ങള്‍ മെനയാന്‍ സമ്മതമാണെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചിട്ടുണ്ട്” ശിവസേന എംപിമാരിലൊരാള്‍ പറഞ്ഞു. എംപിമാരുമായും കിഷോര്‍ കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയുടെ പ്രചരണങ്ങളെ കുറിച്ച് പ്രശാന്തിന്റെ ടീം ഒരു പ്രസന്റേഷന്‍ തയ്യാറാക്കുമെന്നും അടുത്ത ആഴ്ച തന്നെ അത് എംപിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപിയുമായുള്ള സഖ്യത്തില്‍ വ്യക്തയില്ലാത്ത പശ്ചാത്തലത്തിലാണ് പ്രശാന്ത് കിഷോറിനെ ശിവസേന കൂടെക്കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായാണ് തിരഞ്ഞെടുപ്പിനായി ശിവസേന ഒരു സ്വകാര്യ തന്ത്രജ്ഞനെ ചുമതല ഏല്‍പ്പിക്കുന്നത്.

നിലവില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ വൈസ് പ്രസിഡന്റാണ് പ്രശാന്ത് കിഷോര്‍. എന്നാല്‍ ശിവസേന-ബിജെപി, ശിവസേന-ജെഡിയു പ്രശ്‌നങ്ങളിലും സഖ്യത്തിലുമൊന്നും പ്രശാന്ത് ഇടപെടില്ല. തീര്‍ത്തും പ്രൊഫഷണലായിരിക്കും പ്രശാന്തിന്റെ ഇടപെടലെന്നുമാണ് ശിവസേന എംപിമാര്‍ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook