മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ശിവസേനയോടൊത്ത് സഖ്യമല്ലാതെ മറ്റു വഴിയില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും പരസ്പരാശ്രയമില്ലാതെ മറ്റ് വഴികളില്ലെന്ന് ഗഡ്കരി പറഞ്ഞു.

പരസ്പരം ഒന്നിക്കുക എന്നതല്ലാതെ രണ്ടു പാർട്ടികൾക്കും മറ്റുവഴികളില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമാണ്. ഇരുവരും അതിന് യോഗ്യതയുള്ളവരാണ്. അവർ ശരിയായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും ഗഡ്കരി പറഞ്ഞു.
കോർപ്പറേഷൻ ആര് ഭരിക്കുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം.

എന്നാൽ പര്‍ട്ടിയെ തകര്‍ക്കാനുള്ള വഞ്ചനാപരമായ സമീപനമാണ് ബിജപി സ്വീകരിക്കുന്നതെന്ന് മുഖപത്രമായ സാമ്നയില്‍ ശിവസേന വ്യക്തമാക്കി. മേയര്‍ സ്ഥാനം പാര്‍ട്ടിയില്‍ നിന്നുള്ള ഒരാള്‍ തന്നെ വഹിക്കും. അന്തരഫലങ്ങള്‍ ഭയപ്പെടാതെ ശിവസേന പോരാട്ടം തുടരുമെന്നും പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ശിവസേന വ്യക്തമാക്കുന്നു.

ശിവസേന നേതാവ് ഉദ്ദവ് താക്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും തമ്മിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ വന്ന തിരഞ്ഞെപ്പ് ഇരു പാര്‍ട്ടികള്‍ക്കും അഭിമാന പോരാട്ടമായിരുന്നു.
114 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മുംബൈ ശിവസേനയ്ക്ക് 84 സീറ്റും ബി.ജെ.പിക്ക് 82 സീറ്റുമാണ് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook