മുംബൈ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്ക തട്ടമിട്ട് മുഖം മറയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പാത പിന്തുടരണമെന്നും ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യം ദേശീയ താത്പര്യമാണെന്നും ശിവസേന അവകാശപ്പെടുന്നു.

‘രാവണന്റെ ശ്രീലങ്കയില്‍ അത് സംഭവിച്ചു. രാമന്റെ അയോധ്യയില്‍ എന്നാണ് അത് നടക്കുക?,’ മുത്തലാഖ് ഇന്ത്യയില്‍ നിരോധിച്ചത് പോലെ ബുര്‍ഖയും നിരോധിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

Read More: തട്ടമിട്ട് മുഖം മറയ്ക്കരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

പൊതു സ്ഥലങ്ങളില്‍ തട്ടമിട്ട് മുഖം മറയ്ക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രകടിപ്പിച്ചുവെന്നും ശിവസേന പറയുന്നു.

‘സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളെ തിരിച്ചറിയുന്നതിന് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടരുത് എന്ന് ഉറപ്പ് വരുത്താന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് അടിയന്തിരമായി നിയന്ത്രണം പ്രഖ്യാപിച്ചു. മുഖം മൂടികളോ അല്ലെങ്കില്‍ മറ്റ് മുഖാവരണങ്ങളോ ധരിക്കുന്ന ആളുകള്‍ ദേശീയവും സാമൂഹികവുമായ സുരക്ഷയ്ക്ക് വെല്ലുവിളിയാണ്,’ എഡിറ്റോറിയലില്‍ പറയുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെ മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങള്‍ക്കും ശ്രീലങ്ക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകളുടെ സാന്നിധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ ഭരണകൂടം ബുര്‍ഖ നിരോധിക്കാനുള്ള നീക്കം ശക്തമാക്കിയത്.

ഈസ്റ്റര്‍ ദിനത്തില്‍ പളളികളെയും ഹോട്ടലുകളെയും ലക്ഷ്യമിട്ടായിരുന്നു ശ്രീലങ്കയില്‍ സ്‌ഫോടനമുണ്ടായത്. ആദ്യ ആറു സ്‌ഫോടനങ്ങള്‍ക്കുശേഷം ഉച്ച കഴിഞ്ഞായിരുന്നു രണ്ടു സ്‌ഫോടനം. രാവിലെ 8.45 ന് ഈസ്റ്റര്‍ പ്രാര്‍ഥനകള്‍ നടക്കുമ്പോഴായിരുന്നു കൊളംബോയിലെ സെന്റ് ആന്റണീസ് പളളിയിലും നഗോംബോ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയിലും ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ചിലും സ്‌ഫോടനമുണ്ടായത്. ഇതിനുപിന്നാലെ വിദേശ സഞ്ചാരികളുടെ താമസ കേന്ദ്രങ്ങളായ ഷാങ്ഗ്രില, സിനമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ സ്‌ഫോടനമുണ്ടായി.

ഉച്ച കഴിഞ്ഞ് കൊളംബോയുടെ തെക്കന്‍ മേഖലയിലെ ദേശീയ മൃഗശാലയ്ക്കു സമീപത്തായി ഏഴാമത്തെ സ്‌ഫോടനം. കൊളംബോയിലെ വടക്കന്‍ മേഖലയില്‍ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു എട്ടാമത്തെ സ്‌ഫോടനം. സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

നേരത്തെ ബുർഖ-നിഖാബ് അടക്കമുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് പൊതു സ്ഥലങ്ങളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തീവ്ര വലതു സംഘടനയായ ഹിന്ദു സേന ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ശ്രീലങ്കയിൽ നടന്നത് പോലുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനാണിതെന്നായിരുന്നു വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook