scorecardresearch
Latest News

മഹാരാഷ്ട്ര സർക്കാരിന് സായിബാബ ട്രസ്റ്റ് 500 കോടി കടം നൽകി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുളള ക്ഷേത്രങ്ങളിൽ ഒന്നാണ് സത്യസായി ബാബ ട്രെസ്റ്റിന് കീഴിലുളള ഷിർദ്ദി ക്ഷേത്രം

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിന് സത്യസായിബാബ ട്രെസ്റ്റ് 500 കോടി രൂപ കടം നൽകി. നിലവാണ്ടെ ജലസേചന പദ്ധതി പൂർത്തീകരിക്കാൻ പണം ഇല്ലെന്ന് സർക്കാർ പറഞ്ഞതിനാലാണ് പദ്ധതിക്കാവശ്യമായ 500 കോടി രൂപ ട്രെസ്റ്റ് നൽകിയത്.

ബിജെപി നേതാവായ സുരേഷ് ഹവാരെയാണ് ട്രെസ്റ്റിന്റെ ചെയർമാൻ. സംസ്ഥാന സർക്കാരാണ് ട്രെസ്റ്റിനോട് പണം കടം ചോദിക്കാനെത്തിയത്. മുൻപൊന്നും സർക്കാരിന് ഇത്തരത്തിൽ പലിശ രഹിത വായ്പ നൽകിയിട്ടില്ല സായി ട്രെസ്റ്റ്. അതിന് പുറമെ, കടം തിരിച്ചടക്കാൻ സമയപരിധിയും നിശ്ചയിച്ചിട്ടില്ല.

ഗോദാവരി-മറാത്താവാദ ജലസേചന കോർപ്പറേഷനാണ് പണം വാങ്ങിയിരിക്കുന്നത്. പദ്ധതിയുടെ ആകെ ചിലവ് 1200 കോടിയാണ്. സായി ട്രെസ്റ്റ് 500 കോടി നൽകും. ജലവിഭവ വകുപ്പ് ഈ വർഷം 300 കോടിയും അടുത്ത വർഷം 400 കോടിയും നൽകും. രണ്ട് വർഷത്തിനുളളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് തീരുമാനം.

ഒരു ദിവസം സായിബാബ ട്രെസ്റ്റിന്റെ ഷിർദ്ദിയിലെ ക്ഷേത്രത്തിലേക്ക് 70000 പേരാണ് എത്തുന്നത്. ഉത്സവ സീസണിൽ 3.5 ലക്ഷം പേർ വരെ ഒരു ദിവസം ക്ഷേത്രത്തിലെത്തും. പ്രതിദനം ഷിർദ്ദി ക്ഷേത്രത്തിന് 2 കോടി രൂപ വരുമാനമുണ്ട്. വാർഷിക വരുമാനം 700 കോടിയാണ്. 2100 കോടിയുടെ നിക്ഷേപം ക്ഷേത്രത്തിനുണ്ട്.

തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, ജമ്മു കാശ്‌മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം, ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രം എന്നിവയ്ക്ക് ഒപ്പം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുളള ക്ഷേത്രമാണ് ഷിർദ്ദി ക്ഷേത്രം. മുൻപ് സംസ്ഥാനത്ത് നാല് മെഡിക്കൽ കോളേജുകൾ നിർമ്മിക്കാൻ 71 കോടിയുടെ വായ്‌പ ക്ഷേത്രം ട്രെസ്റ്റ് നൽകിയിരുന്നു. ഇതിന് പലിശയും കാലപരിധിയും നിശ്ചയിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Shirdi trust gives rs 500 crore loan blessings to maharashtra project