മുംബൈ: സായിബാബയുടെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഷിർദിയിലെ ക്ഷേത്രത്തിൽ ഇന്ന് ബന്ദ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ക്ഷേത്രം അടച്ചിടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ നേതാവായ സായിബാബ പർഭാനിയിലെ പാത്രിയിലാണ് ജനിച്ചതെന്നായിരുന്നു താക്കറെ പറഞ്ഞത്. പാത്രിയുടെ വികസനത്തിനായി 100 കോടി രൂപ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാവിലെ ഭക്തർക്കായി ക്ഷേത്രം തുറന്നിരുന്നു. വിശ്വാസികളുടെ നീണ്ടനിരയാണ് അതിരാവിലെ തന്നെ കാണപ്പെട്ടത്. ഷിർദിയിൽ കടകൾ തുറന്നിട്ടില്ല, വാഹന ഗതാഗതവും തടസപ്പെട്ടു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ജനുവരി 19 മുതൽ ഷിർദി ക്ഷേത്രം അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണെന്ന് സായ് ബാബ സമിതി അഡ്മിനിസ്ട്രേറ്റീവ് ബോഡി അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയാണ് ഇന്നലെ റിപ്പോർട്ട്. ആയിരക്കണക്കിനു ഭക്തർ ദിനംപ്രതി എത്തുന്ന ഷിർദി ക്ഷേത്രം അടച്ചിടുന്നത് നഗരത്തിലെ ജനജീവിതത്തെ ബാധിച്ചേക്കും.

Read Also: വേദിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതായിരുന്നു; ജയരാജനെതിരെ അലന്റെ അമ്മ

അതേസമയം, പാത്രിയെ തീർഥാടന കേന്ദ്രമാക്കി മാറ്റാനുളള താക്കറെയുടെ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. ”സായിബാബയുടെ ജന്മസ്ഥലത്തെക്കുറിച്ച് തർക്കമൊന്നുമില്ല. ഇതെങ്ങനെയാണ് ഒരു പ്രശ്നമായി മാറിയത്. സർക്കാർ മാറിയപ്പോൾ ജന്മസ്ഥലത്തെക്കുറിച്ചുളള പുതിയ തെളിവുകൾ എങ്ങനെ വന്നു?. സായിബാബയുടെ ജന്മസ്ഥലം ഏതാണെന്ന് നിർണയിക്കാൻ ഒരു രാഷ്ട്രീയ നേതാവിനും കഴിയില്ല” അഹമ്മദ്നഗറിൽ നിന്നുളള ബിജെപി എംപി സുജയ് വിഖേ പാട്ടീൽ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സായിബാബ പത്രിയിൽ ജനിച്ചുവെന്നതിന് തെളിവുകളുണ്ടെന്ന് എൻസിപി നേതാവ് ദുരാനി അബ്ദുല്ല ഖാൻ പറഞ്ഞു. ”ഷിർദി സായിബാബയുടെ കർമഭൂമിയാണ്, പാത്രി ജന്മഭൂമിയും. രണ്ടു സ്ഥലങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook