അഹമ്മദാബാദ്: അതിരില്ലാത്ത സ്വപ്നങ്ങളുളള പുതിയ ഇന്ത്യയായി രാജ്യം മാറിയെന്ന് ബുളളറ്റ് ട്രെയിൻ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ലോകത്തെ ഏറ്റവും വലിയ നിർമാണ ഹബ്ബായി മാറാൻ സാധിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും സംയുക്തമായി പദ്ധതിയുടെ തറക്കല്ലിടൽ കർമം നിർവ്വഹിച്ചു.

“ജപ്പാൻ ഇന്ത്യയുടെ യഥാർഥ സുഹൃത്താണെന്ന് തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവി തലമുറ വികസനം ഈ അതിവേഗ റയിൽ ഇടനാഴിയിൽ യാഥാർഥ്യമാകും”, മോദി പറഞ്ഞു.

വേഗതയ്ക്ക് ഒപ്പം തൊഴിലവസരങ്ങളും പ്രധാനം ചെയ്യുന്നതാണ് ബുള്ളറ്റ് ട്രെയിൻ സർവീസെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. “രാജ്യത്തിന്റെ വികസനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണിത്. മനുഷ്യ സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ പദ്ധതിയാണ് ബുളളറ്റ് ട്രെയിൻ സർവീസ്.” അദ്ദേഹം പറഞ്ഞു.

ബുളളറ്റ് ട്രെയിൻ സർവീസ് ജപ്പാനിൽ ആരംഭിച്ച ശേഷം ഇതുവരെ ഒരു ചെറിയ അപകടം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. ജപ്പാന്റെ റെയിൽ സാങ്കേതിക സംവിധാനം ഇന്ത്യൻ റെയിൽവേയ്ക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സബർമതി ആശ്രമത്തിനോട് ചേർന്നുള്ള ടെർമിനലിലാണ് ശിലാസ്ഥാപന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മോദിയും ആബേയും പങ്കെടുത്ത എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് ബുളളറ്റ് ട്രെയിനിന്റെ ശിലാസ്ഥാപന ചടങ്ങിന് തുടക്കം കുറിച്ചത്.

Ahmedabad: Prime Minister Narendra Modi, Japanese Prime Minister Shinzo Abe and his wife Akie Abe ride an open vehicle during their roadshow in Ahmedabad on Wednesday. PTI Photo (PTI9_13_2017_000200A)

മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബുളളറ്റ് ട്രെയിൻ പദ്ധതി. 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത മൂന്ന് മണിക്കൂറിൽ താഴെ സമയം കൊണ്ട് ഓടിയെത്താനാകുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇപ്പോൾ ഏഴ് മണിക്കൂറാണ് ഈ പാതയിലെ ഏറ്റവും ചുരുങ്ങിയ യാത്രാ സമയം.

മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ബുളളറ്റ് ട്രെയിനാണ് അഹമ്മദാബാദ്-മുംബൈ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതിന് പത്ത് കോച്ചുകളാണ് ഉണ്ടാവുക. 1.08 ലക്ഷം കോടിയിലേറെ തുകയാണ് ഈ പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്.

ഇപ്പോഴത്തെ കണക്കനുസരിച്ച് ബുളളറ്റ് ട്രെയിനിൽ മുംബൈയിൽ നിന്ന് അഹമ്മദാബാദ് വരെ യാത്ര ചെയ്യാൻ 2700 മുതൽ 3000 രൂപ വരെയാണ് നിരക്ക്. ഇതേ റൂട്ടിലെ വിമാനടിക്കറ്റിന് 3500 മുതൽ 4000 രൂപ വരെയാണ് ഈടാക്കുന്നത്.

കാർട്ടൂൺ- ഉണ്ണി

പദ്ധതിയുടെ 81 ശതമാനം തുകയും ജപ്പാന്റെ അന്താരാഷ്ട്ര സഹകരണ ഏജൻസിയായ ജികയിൽ നിന്ന് 50 വർഷത്തേക്ക് എടുക്കുന്ന വായ്പയാണ്.

താനെയ്ക്കും വിരാറിനുമിടയിൽ 21 കിലോമീറ്റർ ഭൂഗർഭ ദൂരം ഒഴിച്ചാൽ ബാക്കിയുള്ള 487 കിലോമീറ്ററും എലിവേറ്റഡ് പാതയാണ്. ഭൂഗർഭ പാതയിലെ ഏഴ് കിലോമീറ്റർ ദൂരം കടലിനടിയിലൂടെയാണെന്നതും പ്രത്യേകതയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook