ന്യൂഡൽഹി: കൊറോണ വൈറസ് അഥവാ കോവിഡ് 19നെതിരെ പോരാടുന്നതിന് വേണ്ടത്ര പരിശോധനകൾ നടത്താത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പോലെ നാളെ മെഴുകുതിരികൾ കത്തിച്ചതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും രാഹുൽ പറഞ്ഞു.

“ആളുകളെക്കൊണ്ട് കൈയടിപ്പിക്കുകയും ആകാശത്ത് ടോർച്ചടിക്കുകയും ചെയ്യുന്നത് കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടാൻ പോകുന്നില്ല,” വൈറസിന്റെ പൂർണ്ണ അളവ് നിർണ്ണയിക്കാൻ കൂടുതൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാഹുൽ ആവർത്തിച്ചു. കോവിഡ് -19 വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ വേണ്ടത്ര പരിശോധന നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: മദ്യം കിട്ടാത്തതിനാല്‍ ഷേവിങ് ലോഷന്‍ കഴിച്ചു; തമിഴ്നാട്ടിൽ യുവാക്കൾ മരിച്ചു

ഞായറാഴ്‌ച (ഏപ്രിൽ അഞ്ച്) രാത്രി ഒൻപതിനു എല്ലാവരും വീടുകളിലെ ലൈറ്റ് ഓഫ് ചെയ്‌ത് വിളക്കോ മെഴുകുതിരിയോ കത്തിക്കുകയോ ടോർച്ച്, മൊബൈൽ ഫോൺ ലൈറ്റ് എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഒൻപത് മിനിറ്റ് ഇങ്ങനെ വെളിച്ചം തെളിയിക്കണം. വീടിന്റെ വാതിൽക്കലോ മട്ടുപ്പാവിലോ നിന്ന് ഇങ്ങനെ വെളിച്ചം തെളിയിക്കണം. ഒൻപത് മിനിറ്റ് വെളിച്ചം തെളിയിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ വൈറസ് എന്ന അന്ധകാരത്തെ പ്രതിരോധിക്കുന്നതിന്റെ സൂചനയായാണ് ഇതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

“കൊറോണ വൈറസിനെ നമ്മൾ ഒന്നിച്ചു പ്രതിരോധിക്കണം. ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്‌ക്കാണെന്ന് ആരും വിചാരിക്കേണ്ട. നമ്മൾ ഒന്നിച്ചാണ് ഇതിനെതിരെ പോരാടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം നടപ്പിലാക്കിയ ലോക്ക്ഡൗൺ ലോകശ്രദ്ധ നേടി. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ നടപടി മാതൃകയാക്കുകയാണ്. ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു. ജനങ്ങളുടെ സഹകരണം വലിയ മാതൃകയാണ്. മാർച്ച് 22 ലെ ജനതാ കർഫ്യൂവും മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി,” വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook