/indian-express-malayalam/media/media_files/uploads/2018/04/madrassamadarsa-7591.jpg)
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുളള മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‍വി. ഇത് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ജനുവരി 21ന് അയച്ച കത്തിലാണ് മദ്രസകള്‍ അടച്ചുപൂട്ടാന്‍ അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. മദ്രസകള്‍ എത്രയും പെട്ടെന്ന് അടച്ച് പൂട്ടിയില്ലെങ്കില്‍ അടുത്ത 15 വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ പകുതി മുസ്ലിംങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രം സ്വീകരിക്കുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
'രാജ്യത്തെ മുഴുവന്‍ മദ്രസകളും അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഞാന്‍ കത്ത് അയക്കുന്നത്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം കുട്ടികളെയാണ് ഇരകളാക്കുന്നതെന്ന് നമുക്ക് അറിയാം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി വളരെ ഉയര്‍ന്ന സാഹചര്യത്തില്‍ അത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റ് പണം നല്‍കി കുട്ടികളെ സ്വാധീനിക്കുകയാണ്,' വസീം കത്തില്‍ പറയുന്നു.
ഇസ്ലാമിക പാതയില്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മാത്രം മദ്രസാ വിദ്യാഭ്യാസം നല്‍കുന്ന തരത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'എത്ര മദ്രസകള്‍ എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയും ഐ.എസ് ഓഫീസര്‍മാരെയും പുറത്തു വിട്ടിട്ടുണ്ട്? ഒരു മദ്രസ പോലുമില്ല. ഇതേസമയം ചില മദ്രസകള്‍ തീവ്രവാദികളെ പുറത്തുവിടുകയും ചെയ്യുന്നുണ്ടെന്നും റിസ്‌വി പറയുന്നു. ഇസ്‌ലാമിക് വിദ്യാഭ്യാസത്തെ ഒരു ഓപ്ഷണലായി പഠിപ്പിക്കുന്ന കോണ്‍വെന്റ് സ്‌കൂളുകളാക്കി മദ്രസകളെ മാറ്റണമെന്നും റിസ്‌വി പറയുന്നു. ഇവ സി.ബി.എസ്.ഇയിലോ ഐ.സി.എസ്.സിയിലോ അഫ്‌ലിയേറ്റ് ചെയ്തിരിക്കണം. അമുസ്‌ലിം വിദ്യാര്‍ത്ഥികളെയും ഇവിടെ പ്രവേശിപ്പിക്കണമെന്നും മതപരമായ വിഷയങ്ങള്‍ ഓപ്ഷണലായി മാത്രമേ ഇവിടെ പഠിപ്പിക്കാവൂ എന്നും അദ്ദേഹം പറയുന്നു.
മദ്രസാ വിദ്യാഭ്യാസത്തിനെതിരെ ഇദ്ദേഹം നേരത്തേയും രംഗത്തെത്തിയിട്ടുണ്ട്. നേരത്തേ ബിജെപി നിലപാടുകളെ പരസ്യമായി പിന്തുണച്ചയാളാണ് റിസ്‍വി. ഗോവധം നിരോധിച്ചാല്‍ ആള്‍കൂട്ട കൊലപാതകവും നില്‍ക്കുമെന്ന് പറഞ്ഞ ബിജെപി നേതാക്കളെ ഇദ്ദേഹം പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഗോവധം നിരോധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us