ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഷിയാ വിഭാഗത്തില്‍ പെട്ടയാളെ ദൈവനിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചു. ഫെയ്സ്ബുക്കില്‍ ദൈവത്തെ നിന്ദിച്ച് പോസ്റ്റ് ഇട്ടെന്ന് ആരോപിച്ച് 30കാരനായ തൈമൂര്‍ റാസ എന്നയാള്‍ക്കെതിരെയാണ് തീവ്രവാദ വിരുദ്ധ കോടതിയുടെ നടപടി.

ഇത് ആദ്യമായാണ് നവമാധ്യമത്തിലെ ദൈവനിന്ദയ്ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷ വിധിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ ശിക്ഷകളില്‍ സൈബര്‍ കുറ്റത്തിന് ഏറ്റവും വലിയ ശിക്ഷയാണ് കോടതി വിധിച്ചത്. ശനിയാഴ്ച്ചയാണ് തീവ്രവാദ വിരുദ്ധ കോടതി ജഡ്ജിയായ സാബിര്‍ അഹമ്മദ് ശിക്ഷ വിധിച്ചത്.

ലാഹോറില്‍ നിന്നും 200 കി.മി. അകലെ ഒകാര സ്വദേശിയായ സാബിറിനെ കഴിഞ്ഞ വര്‍ഷമാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇയാള്‍ ഫെയ്സ്ബുക്കില്‍ ദൈവനിന്ദ നടത്തിയെന്ന സഹപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. 97 ശതമാനത്തോളും ജനങ്ങളും മുസ്ലിംങ്ങളായുളള പാക്കിസ്ഥാനില്‍ ദൈവനിന്ദ ഗുരുതരമായ കുറ്റമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് ദൈവനിന്ദ ആരോപിക്കപ്പെട്ടവരെ ശിക്ഷിക്കുന്നതെന്നാണ് മുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ