കൊൽക്കത്ത: വീണ്ടും വിവാദ പ്രസ്താവനയുമായി പശ്ചിമബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. സിഎഎയെ അനുകൂലിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ നടത്തിയ റാലിയിൽ പ്രതിഷേധവുമായി എത്തിയ വനിതയെ തങ്ങളുടെ അണികൾ മറ്റൊന്നും ചെയ്യാത്തതിൽ അവരോട് നന്ദി പറയണമെന്നാണ് ദിലീപ് ഘോഷിന്റെ പുതിയ പ്രസ്താവന.

ദിലീപ് ഘോഷിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ നിരവധി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പട്ടൂലിയിൽ നിന്ന് നഗരത്തിന്റെ തെക്കേ അറ്റത്തുള്ള ബാഗാ ജതിൻ പ്രദേശത്തേക്ക് സി‌എ‌എ അനുകൂല റാലി നയിച്ചത് ഘോഷ് തന്നെയാണ്.

റാലിയിൽ ഒരു ഏക വനിതാ പ്രതിഷേധക്കാരി സി‌എ‌എ വിരുദ്ധ പോസ്റ്ററുമായി എത്തി. ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്ക് പുറത്ത് പകൽ വെടിവയ്പ്പ് നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം നടത്തിയത്.

ബിജെപി അനുഭാവികൾ യുവതിയിൽ നിന്ന് പോസ്റ്റർ തട്ടിയെടുക്കുകയും, അവരോട് കയർക്കുകയും ദേഹോപദ്രവത്തിന് ശ്രമിക്കുകയും ചെയ്തു. പ്രദേശത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

Read More: പൊതുമുതൽ നശിപ്പിച്ചവരെ ഞങ്ങളുടെ സർക്കാർ പട്ടികളെ പോലെ വെടിവച്ചു കൊന്നു: ബിജെപി നേതാവ്

പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച ദിലീപ് ഘോഷ് തന്റെ അണികളെ ന്യായീകരിക്കുകയാണ് ചെയ്തത്.

“ഞങ്ങളുടെ ആൺകുട്ടികൾ ശരിയായ കാര്യം തന്നെയാണ് ചെയ്തത്. അവർ അവളെ ചോദ്യം ചെയ്യുകയല്ലേ ചെയ്തിട്ടുള്ളൂ. മറ്റൊന്നും ചെയ്യാത്തതിന് അവൾ ആ താരങ്ങളോട് നന്ദി പറയണം,” എന്നായിരുന്നു ദിലീപ് ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

“എന്തുകൊണ്ടാണ് അവർ (സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധക്കാർ) എല്ലായെപ്പോഴും ഞങ്ങളുടെ റാലികളിൽ പ്രതിഷേധിക്കാൻ വരുന്നത്? അവർക്ക് മറ്റ് പരിപാടികളിൽ പോയി പ്രതിഷേധിച്ചുകൂടെ. ഞങ്ങൾ വളരെയധികം സഹിച്ചു. പക്ഷേ ഇത്തരം അത്തരം ശല്യങ്ങൾ ഞങ്ങൾ സഹിക്കാൻ ഞങ്ങൾക്കാകില്ല,” ദിലീപ് ഘോഷ് കൂട്ടിച്ചേർത്തു.

എന്നാൽ ദിലീപ് ഘോഷിനും ബിജെപിക്കുമെതിരായ പ്രതിഷേധം ഇനിയും തുടരുമെന്ന് വനിതാ പ്രക്ഷോഭക പറഞ്ഞു.

സി‌പി‌ഐ മുതിർന്ന നേതാവ് ഷാമിക് ലാഹിരി ഘോഷിന്റെ പ്രസ്താവനയെ അപലപിക്കുകയും അത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

“അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ദുഃഖകരവും വികലവുമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു,” ലാഹിരി പറഞ്ഞു.

തന്റെ പ്രസ്താവനകൾക്ക് ഘോഷ് പരസ്യമായി മാപ്പ് പറയണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മനോജ് ചക്രബർത്തി പറഞ്ഞു.

പൊതു സ്വത്ത് നശിപ്പിച്ച സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നായ്ക്കളെപ്പോലെ വെടിവച്ചു കൊന്നിരുന്നുവെന്നും ദിലീപ് ഘോഷ് ഘോഷ് നേരത്തേ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook