അമേരിക്കയിലെ ടെക്‌സസില്‍ നിന്നും കാണാതായ മൂന്നു വയസുകാരി ഷെറിൻ മാത്യുവിന്റെ മൃതദേഹം വീടിനു സമീപമുള്ള കലുങ്കില്‍ നിന്നും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഉത്തരം കിട്ടാത്ത കുറേയേറെ ചോദ്യങ്ങളും ബാക്കിയാണ്. അമേരിക്കന്‍ സമയം ഇന്നലെ രാവിലെ 11 മണിയോടെയാണ് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒക്ടോബര്‍ ഏഴിനാണ് വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണില്‍ നിന്നും ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്നു മണിക്ക് വീടിന് പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ കാണാതാകുകയായിരുന്നുവെന്നാണ് വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്ലി മാത്യൂ പൊലീസിനെ അറിയിച്ചത്.

Wesley Mathew

വെസ്ലി മാത്യൂ

പുലര്‍ച്ചെ മൂന്നു മണിക്കാണ് വെസ്ലി കുട്ടിയെ വീടിനു 100 മീറ്റർ അകലെയുള്ള മരച്ചുവട്ടില്‍ കൊണ്ടുപോയി നിര്‍ത്തിയത്. പിന്നീട് 3.15ന് തിരികെ വന്നു നോക്കിയപ്പോള്‍ കുട്ടിയെ കണ്ടില്ല. തുടർന്ന് താൻ തുണിയലക്കാനായി പോയി എന്നാണ് വെസ്ലി പൊലീസിനോട് പറഞ്ഞത്. കുറച്ചു കഴിഞ്ഞാൽ കുട്ടി തനിയെ തിരിച്ചു വരും അല്ലെങ്കിൽ നേരം പുലർന്നതിനു ശേഷം അന്വേഷിക്കാമെന്നു കരുതിയെന്നും ഇയാൾ പറഞ്ഞു. ആ സമയത്ത് അവിടുത്തെ താപനില 10 ഡിഗ്രി സെൽഷ്യസിലും താഴെയായിരുന്നു.

ഈ സംഭവങ്ങൾ നടക്കുമ്പോൾ വെസ്ലിയുടെ ഭാര്യ സിനി മാത്യു മുറിയിൽ ഉറങ്ങുകയായിരുന്നു. കുട്ടിയെ പുറത്താക്കിയ കാര്യം അവർ അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. കുട്ടി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇവർ പറഞ്ഞതായി ഇവർക്കായി ഹാജരായ വക്കീൽ ബുധനാഴ്ച പറഞ്ഞിരുന്നു.

Paying homage, Sherin Mathew

ഷെറിനെ കാണാതായ മരച്ചുവട്ടിൽ ആദരാഞ്ജലി അർപ്പിക്കുന്ന അയൽവാസികൾ

കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസില്‍ പരാതിപ്പെടുന്നത്. ഇതിനിടെ ഇവരുടെ വീട്ടിലെ വാഹനം പുറത്തു പോയി വന്നതായും പൊലീസ് പറയുന്നുണ്ട്. പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിലാണ് വാഹനം പുറത്തു പോയി തിരിച്ചെത്തിയത്. അയല്‍വാസികളോടും അടുത്തുള്ള കച്ചവടക്കാരോടും പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Sherin Mathew

ഷെറിന്റെ വീട്ടിലെ വാഹനം.

താന്‍ കുട്ടിയെ സമീപത്തെല്ലാം അന്വേഷിച്ചിരുന്നുവെന്ന് വെസ്ലി പറഞ്ഞിരുന്നുവെങ്കിലും കാറുമായി പുറത്തു പോയിരുന്നെന്നോ അന്വേഷിച്ചിരുന്നെന്നോ പറഞ്ഞിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. മാത്രമല്ല, പുലര്‍ച്ചെ കുട്ടിയെ പുറത്തിറക്കി നിര്‍ത്തിയത് ഒട്ടും സുരക്ഷിതമല്ലെന്നും, പരിസരത്ത് കുറുക്കന്മാരും കാട്ടുനായ്ക്കളും ഉള്ള വിവരം തനിക്ക് അറിയാമായിരുന്നുവെന്നും വെസ്ലി സമ്മതിച്ചതായും പൊലീസ് പറയുന്നുണ്ട്.

കുട്ടിയെ ഉപേക്ഷിച്ചതിനും, അപായപ്പെടുത്താൻ ശ്രമിച്ചതിനും പൊലീസ് വെസ്ലിയെ ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് രണ്ടര ലക്ഷം ഡോളർ കെട്ടിവച്ച് ഇയാൾ ജാമ്യത്തിൽ ഇറങ്ങി. നിലവിൽ വെസ്ലി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംസാര ശേഷിക്കുറവും കാഴ്ചക്കുറവുമുള്ള കുട്ടിയായിരുന്നു ഷെറിന്‍ എന്നും റിപ്പോര്‍ട്ട് ഉണ്ട്. മൂന്നുവയസിന്റെ ശേഷികള്‍ കുട്ടി പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് പറയപ്പെടുന്നത്.

Sherin Mathew

ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്കിൽ അയൽവാസികൾ കൊണ്ടുവച്ച ടെഡി ബെയറുകൾ

അയല്‍വാസികളും ഷെറിന്റെ സംഭവത്തില്‍ ക്ഷുഭിതരാണ്. കുട്ടിയ കാണാതായ മരച്ചുവട്ടില്‍ ഇവര്‍ പൂക്കളും ടെഡി ബെയറുകളുമായെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അയല്‍പക്കക്കാരുടെ സഹായത്തോടെയാണ് കേസ് പുരോഗമിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഷെറിന്‍ മാത്യൂസ് എന്ന പേരില്‍ ഹാഷ്ടാഗ് പ്രചരണങ്ങള്‍ ആരംഭിച്ചു. ഒരു ഗ്ലാസ് പാലിന്റെ പേരില്‍ ഒരു കുഞ്ഞിനെയും ഇങ്ങനെ ശിക്ഷിക്കരുതെന്നുള്ള പോസ്റ്റുകളും ട്വീറ്റുകളും വ്യാപകമാണ്.

ഇതിനിടെ ഇവരുടെ നാലു വയസു പ്രായമുള്ള മകളെ മാതാപിതാക്കളിൽ നിന്നും മാറ്റി ഫോസ്റ്റർ കെയർ ഹോമിൽ വിട്ടിരിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അയൽവാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി നടക്കുന്ന പ്രചരണം

ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പാണ് വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്. പോഷകാഹാരക്കുറവുള്ള കുട്ടിയായതിനാൽ ഷെറിന് ഭക്ഷണ കാര്യങ്ങളിൽ ഉൾപ്പെടെ പ്രത്യേക ശ്രദ്ധ വേണ്ടിയിരുന്നു. ഉണർന്നിരിക്കുമ്പോളൊക്കെ കുട്ടിയെ ഭക്ഷണം കഴിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഷെറിൻ പാല് കുടിക്കാൻ തയ്യാറാകാത്തതിൽ ക്ഷുഭിതനായാണ് വെസ്ലി കുട്ടിയെ പുലർച്ചെ പുറത്താക്കിയത്.

ചിത്രങ്ങൾക്ക് കടപ്പാട്: ട്വിറ്റർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook