മോസ്കോ: യുക്രൈനില്‍ നിന്നുള്ള ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഗ്വാര്‍ഡ് പോസ്റ്റ് പൂര്‍ണമായും തകര്‍ന്നെന്ന് റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) അറിയിച്ചു. ആക്രമണത്തില്‍ ആളപായമൊന്നുമുണ്ടായിട്ടില്ലെന്നും റഷ്യ സ്ഥിരീകരിച്ചു.
എന്നാല്‍ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്നാണ് യുക്രൈനിന്റെ വാദം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഗുരുതരമാവുകയും അമേരിക്കയുടേതടക്കമുള്ള പ്രസ്താവനകള്‍ റഷ്യ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംഭവം നടന്നിരിക്കുന്നത്.
“ഫെബ്രുവരി 21 രാവിലെ 9.50 നാണ് ആക്രമണമുണ്ടായത്. റഷ്യ-യുക്രൈന് അതിര്‍ത്തിയില്‍ നിന്ന് 150 മീറ്റര്‍ അകലെ റോസ്തോവ് മേഖലയിലെ എഫ്എസ്ബിയുടെ ഗ്വാര്‍ഡ് പോസ്റ്റ് പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. ആളപായമില്ല,” എഫ്എസ്ബിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ആര്‍ഐഎ എഫ്എസ്ബി പുറത്ത് വിട്ട ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഒരു ചെറിയ കെട്ടിടം തകര്‍ന്നടിയുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. എന്നാല്‍ ഷെല്ലാക്രമണത്തിന്റെ തെളിവുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റഷ്യന്‍ മേഖലയില്‍ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്നാണ് യുക്രൈന് പറയുന്നത്. യുക്രൈന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് റഷ്യ ചിത്രങ്ങള്‍ പുറത്തുവിടുന്നതായി യുക്രൈനിയന്‍ സൈന്യം ആരോപിച്ചിരുന്നു. റഷ്യയുടെ സേനയുമായി സഹകരിച്ച് പ്രത്യേക സംഘം കിഴക്കന്‍ യുക്രൈനില്‍ എത്തിയിട്ടുള്ളതായും സൈന്യം പറയുന്നു.
Also Read: കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസില്‍ ലാലു പ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്