ന്യൂഡൽഹി: ഇന്ന് വൈകീട്ടോടെയായിരുന്നു തുടര്‍ച്ചയായ മൂന്ന് വട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് മരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തിയ മാറ്റത്തിന്റെ പേരിലായിരിക്കും ഷീല ദീക്ഷിത് ഓർമിപ്പിക്കപ്പെടുക.

1998 മുതല്‍ 2013 വരെ നീണ്ട 15 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ആം ആദ്മി പാര്‍ട്ടിയോട് പരാജയപ്പെട്ടാണ് ഷീല ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ഡല്‍ഹിയിലെ ഭരണം നഷ്ടമാകുന്നത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനെ സിഎന്‍ജിയിലേക്ക് മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഷീലയുടെ കാലത്താണ് എടുക്കുന്നത്. ഫ്‌ളൈ ഓവറിന്റെ നിര്‍മ്മാണം മുതല്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വിഭജനം അടക്കം അതില്‍ വരും.

”രാഷ്ട്രീയ ബാധ്യതയില്ലായിരുന്നു എന്നതാണ് എനിക്കുണ്ടായിരുന്ന ഏറ്റവും അനുകൂലമായ ഘടകം. ഡല്‍ഹിയിലെ മറ്റ് നേതാക്കളെ പോലെ ഒരു സമുദായത്തിന്റേയോ, ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമായോ എനിക്ക് ബന്ധമുണ്ടായിരുന്നില്ല. എന്റേത് ഒരു ന്യൂട്രല്‍ വ്യക്തിത്വമായിരുന്നു” ഷീലയുടെ പ്രശസ്തിയുടെ കാരണങ്ങള്‍ അവരുടെ തന്നെ വാക്കുകളില്‍ നിന്നും മനസിലാക്കാനാകും. തന്റെ ആത്മകഥയില്‍ ഷീല എഴുതിയതാണിത്.

Read More: കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു
പഞ്ചാബില്‍ 1938 മാര്‍ച്ച് 31 നായിരുന്നു ഷീലയുടെ ജനനം. രാഷ്ട്രീയബന്ധമില്ലാത്ത കുടുംബമായിരുന്നു ഷീലയുടേത്. മൂന്ന് പെണ്‍മക്കളില്‍ ഏറ്റവും മൂത്തവള്‍. ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്‌കൂളില്‍ നിന്നും പ്രൈമറി വിദ്യാഭ്യാസം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും ഷീല ദീക്ഷിത് നേടിയിട്ടുണ്ട്.

മുന്‍ കേന്ദ്ര മന്ത്രിയും ഗവര്‍ണറുമായ ഉമ ശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദ് ദിക്ഷിത് ഐഎഎസിനെ വിവാഹം കഴിക്കുന്നതോടെയാണ് ഷീല രാഷ്ട്രീയവുമായി ബന്ധപ്പെടുന്നത്. ഇന്ദിരാ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഭര്‍തൃ പിതാവില്‍ നിന്നുമാണ് ഷീല രാഷ്ട്രീയത്തിലെ ചുവടുവെപ്പുകള്‍ പഠിക്കുന്നത്. അദ്ദേഹം ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു.

കോണ്‍ഗ്രസ് അംഗമായ ഷീല ദീക്ഷിത് 1984 ല്‍ ഉത്തര്‍പ്രദേശിലെ കന്നൗജ് മണ്ഡലത്തില്‍ നിന്നും ജയിച്ചു. 30 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവതത്തിന്റെ തുടക്കം അവിടെ നിന്നുമായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായിരുന്നു ഷീല. യുഎന്നിലെ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വിമണിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധിയായി ഇന്ദിരാ ഗാന്ധി നാമനിര്‍ദ്ദേശം ചെയ്തതും ഷീലയേയായിരുന്നു.

ഉത്തര്‍പ്രദേശില്‍ നിന്നും നാല് തവണ തുടര്‍ച്ചയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതോടെയാണ് ഷീല ഡല്‍ഹിയിലേക്ക് ചുവടുമാറ്റുന്നത്. 1998 ല്‍ സോണിയ ഗാന്ധി ഷീലയെ ഡല്‍ഹിയിലെ പാര്‍ട്ടിയുടെ നേതൃത്വം ഏല്‍പ്പിച്ചു. അവിടെ നിന്നും പിന്നെയൊരു തിരിഞ്ഞു നോട്ടം ഉണ്ടായില്ല. മൂന്ന് തവണ അധികാരത്തിലെത്തി. ഡല്‍ഹിയുടെ മുഖച്ഛായ തന്നെ അവര്‍ മാറ്റി.

എന്നാല്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍ ഷീല ദീക്ഷിതിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചു. 2012 ല്‍ ഉയര്‍ന്നു വന്ന കോമണ്‍വെല്‍ത്ത് അഴിമതി ആരോപണവും ഡല്‍ഹി കൂട്ടബലാത്സംഗവും തിരിച്ചടിയായി. ആക്ടിവിസ്റ്റുകളും മാധ്യമങ്ങളും സാധാരണ ജനങ്ങള്‍ പോലും സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഇതേസമയം തന്നെയായിരുന്നു അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങള്‍ ശക്തിപ്രാപിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിനെതിരായ അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണങ്ങള്‍ ഷീല ദീക്ഷിതിനെ പ്രതിരോധത്തിലാക്കി.

Also Read: ‘ഡല്‍ഹിയുടെ മുഖച്ഛായ മാറ്റിയ മുഖ്യമന്ത്രി’; ഷീല ദീക്ഷിതിന് ആദരമര്‍പ്പിച്ച് നേതാക്കള്‍

2013ല്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ആം ആദ്മി രാജ്യത്തെ ഞെട്ടിച്ചു. ഷീല ദീക്ഷിതിനെ 25684 വോട്ടുകള്‍ക്കാണ് കേജ്‌രിവാള്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം അവരെ കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനത്തെത്തിച്ചു. 2014 ലായിരുന്നു ഇത്. അഞ്ച് മാസം അവര്‍ ഈ പദവി വഹിച്ചു. 2014 ല്‍ മോദി തരംഗത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഷീല ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവച്ചു.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തില്‍ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലയുടെ പേരുയര്‍ന്നു വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസ്.പിയുമായി കൈ കോര്‍ത്തതോടെ ഷീല ദീക്ഷിത് പിന്‍മാറുകയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഷീല ദീക്ഷിത് ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ കോണ്‍ഗ്രസ് രാജ്യ തലസ്ഥാനത്ത് നിലനില്‍പ്പിനായി പോരാടുകയായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2015 ലെ അസംബ്ലി തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും നേടിയില്ല.

തിരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഷീല ഡല്‍ഹി കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയതും എഎപിയുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും 2019 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിനയായി. നോര്‍ത്ത് ഈസ്റ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിയോട് ഷീല പരാജയപ്പെടുകയുമുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook