ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് സംസ്ഥാന പ്രസിഡന്റായി വീണ്ടും നിയമിക്കപ്പെട്ടു. സംസ്ഥാന പ്രസിഡന്റായിരുന്ന അജയ് മാക്കൻ ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി നേരത്തെ രാജി സമർപ്പിച്ച സാഹചര്യത്തിലാണ് ഷീല ദീക്ഷിത് വീണ്ടും സംസ്ഥാന രാഷ്ട്രിയത്തിൽ സജീവമാകുന്നത്.

ഡൽഹിയുടെ ചുമതലയുള്ള എഐസിസി അംഗം പി സി ചാക്കോയാണ് ഇക്കാര്യം അറിയിച്ചത്. ദേവേന്ദ്ര യാദവ്, രാജേഷ് ലിലോത്തിയ, ഹാരുൺ യൂസഫ്, എന്നിവരെ വർക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് വലിയ ഉത്തരവാദിത്വങ്ങളാണ് ഷീല ദീക്ഷിതിനുള്ളത്. മോദി-കെജ്‍രിവാൾ സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിപക്ഷമാകുവാൻ ഷീല ദീക്ഷിതിന് കീഴിൽ കോൺഗ്രസിന് സാധിക്കുമെന്ന് മുൻ ഡിപിസിസി പ്രസിഡന്ര് അജയ് മാക്കൻ അഭിപ്രായപ്പെട്ടു.

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ഷീല ദീക്ഷിത് പ്രതികരിച്ചു. 2013ൽ സംസ്ഥാനത്ത് കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷം മുൻ നിരയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു അവർ. ആം ആദ്മിയുമായുള്ള സഖ്യമുൾപ്പടെ തലവേദനകൾ ഒരുപാടാണ് രണ്ടാം വരവിൽ ഷീല ദീക്ഷിതിനെ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook