ഇന്ത്യയുമായി “നല്ല ബന്ധം” ആഗ്രഹിക്കുന്നുവെന്നും എന്നാൽ കശ്മീർ പ്രശ്‌നവും ഉയർത്തിക്കാട്ടുമെന്നും പാകിസ്ഥാൻറെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തിന്റെ 23-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാകിസ്ഥാൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾക്ക് ഇന്ത്യയുമായി നല്ല ബന്ധമാണ് വേണ്ടത്, എന്നാൽ കശ്മീരിന്റെ പരിഹാരമില്ലാതെ സുസ്ഥിരമായ സമാധാനം സാധ്യമല്ല,” ഷെഹ്ബാസ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
“സർക്കാരിനെ പുറത്താക്കാനുള്ള വിദേശ ഗൂഢാലോചന” എന്ന മുൻഗാമി ഇമ്രാൻ ഖാന്റെ അവകാശവാദത്തെ “നാടകം” എന്ന് വിശേഷിപ്പിച്ച ഷെഹ്ബാസ്, ഇമ്രാന്റെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ രാജിവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു.
“വിദേശ ഗൂഢാലോചന എന്ന് വിളിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട വിവാദ കത്ത് സംബന്ധിച്ച് പാകിസ്ഥാന്റെ ദേശീയ സുരക്ഷാ സമിതിയെ അറിയിക്കും. ഗൂഢാലോചന തെളിഞ്ഞാൽ ഞാൻ രാജിവച്ച് വീട്ടിലേക്ക് പോകും,” അദ്ദേഹം പറഞ്ഞു.
Also Read: ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ ഖാന്റെ പാർട്ടി
മുൻ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയിൽ യുഎസിന് പങ്കുണ്ടെന്ന് ഖാൻ അവകാശപ്പെട്ടിരുന്നു.
70 കാരനായ പിഎംഎൽ-എൻ നേതാവ് ഷെരീഫിനെ രാജ്യത്തിന്റെ ദേശീയ അസംബ്ലിയിലെ നിയമനിർമ്മാതാക്കൾ പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി എതിരില്ലാതെയാണ് തിരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥി ഷാ മഹ്മൂദ് ഖുറേഷി പിടിഐ വോട്ടിംഗ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് വാക്കൗട്ട് നടത്തിയതോടെയാണ് എതിരില്ലാതെ ഷെരീഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ ഷരീഫിന് 174 വോട്ടുകൾ ലഭിച്ചു, വിജയിക്കാൻ ആവശ്യമായ 172 എന്ന കേവലഭൂരിപക്ഷത്തേക്കാൾ രണ്ട് വോട്ട് കൂടുതൽ.