ന്യൂഡല്‍ഹി: കത്തുവയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്വേതാംബരി ശര്‍മയ്ക്കു നേരെ പുച്ഛം നിറഞ്ഞ ആരോപണവുമായി പ്രതിഭാഗം അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ്മ. അന്വേഷണം നടത്തിയത് ഒരു സ്ത്രീയല്ലേ, ഇതൊക്കെ അവരുടെ ബുദ്ധിക്കപ്പുറത്തേക്കുള്ള കാര്യമാണെന്നും അങ്കുര്‍ ശര്‍മ്മ പറഞ്ഞു.

‘അവരൊരു സ്ത്രീയാണ്. മാത്രമല്ല, പുതിയ ഓഫീസറും. ആരെല്ലാമോ ചേര്‍ന്ന് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്’ അങ്കുര്‍ ശര്‍മ്മ പറഞ്ഞു. കേസിലെ എട്ടു പ്രതികളില്‍ അഞ്ചു പേര്‍ക്ക് വേണ്ടി ഹാജരാവുന്നത് അങ്കുര്‍ ശര്‍മ്മയാണ്.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഏക സ്ത്രീയാണ് ശ്വേതാംബരി ശര്‍മ. അന്വേഷണത്തിനിടെ പലരും തങ്ങളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിരുന്നുവെന്നും നിരവധി വെല്ലുവിളികള്‍ തങ്ങള്‍ നേരിട്ടിരുന്നുവെന്നും അവര്‍ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് ഞങ്ങള്‍ ജോലി ചെയ്തത്. പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഹിരണ്‍നഗര്‍ പൊലീസ് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷണം ഗതിമാറ്റിവിടാനും, കുട്ടിയുടെ വസ്ത്രങ്ങളും മറ്റു തെളിവുകളും ഇല്ലാതാക്കാനും കൈക്കൂലി വാങ്ങി എന്നറിഞ്ഞപ്പോള്‍. എന്നിട്ടും എന്നാല്‍ കുറ്റക്കാരെ നീതിപീഠത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ചതിനു പിന്നില്‍ ഒരു അദൃശ്യ ശക്തി ഉണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ദുര്‍ഗാ ദേവിയുടെ അനുഗ്രഹം ഞങ്ങള്‍ക്കു മേല്‍ ഉണ്ടായിരുന്നെന്നു വിശ്വസിക്കുന്നു,’

‘പ്രതികളെല്ലാം ബ്രാഹ്മണരായതുകൊണ്ട് അതുവച്ച് സ്വാധീനിക്കാന്‍ അവര്‍ ശ്രമിച്ചു. ഒരേ മതത്തിലും ജാതിയിലും ഉള്ളവരല്ലേ, അതിനാല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നതിന് അവരെ ഞാന്‍ കുറ്റക്കാരായി കണക്കാക്കരുത് എന്നൊക്കെയായിരുന്നു. ജമ്മു കശ്മീരിലെ പൊലീസ് ഒഫീസര്‍ എന്ന നിലയില്‍ എനിക്ക് മറ്റൊരു മതവുമില്ല, എന്റെ മതം എന്റെ പൊലീസ് യൂണിഫോം മാത്രമാണെന്നു ഞാന്‍ അവരോട് പറഞ്ഞു,’ ശ്വേതാംബരി വ്യക്തമാക്കി.

എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ കുറ്റവാളികളുടെ ബന്ധുക്കളും അവരോട് അനുകമ്പയുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്താനും ബ്ലാക്ക്മെയ്ല്‍ ചെയ്യാനുമെല്ലാം ശ്രമിച്ചതായും ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്നു. ലാത്തികളും, പ്ലക്കാര്‍ഡുകളും ത്രിവര്‍ണ പതാകകളുമായി എത്തി, മുദ്രാവാക്യം വിളിച്ചും അവര്‍ മറ്റു ഗ്രാമങ്ങളിലേക്കും കോടതിയിലേക്കുമുള്ള തങ്ങളുടെ വഴി മുടക്കാന്‍ ശ്രമിച്ചതായും ശ്വേതാംബരി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ