ന്യൂഡൽഹി: മോദി സർക്കാരിനെ വിമർശിച്ച മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹയ്ക്ക് പിന്തുണയുമായി ബിജെപി എംപി ശത്രുഘ്‌നൻ സിൻഹ. യശ്വന്തിന്റെ പരാമർശത്തെ തളളിക്കളയേണ്ട കാര്യമില്ല. മുന്‍ ധനകാര്യ മന്ത്രികൂടിയായ യശ്വന്ത് സിന്‍ഹയുടെ കാഴ്ചപ്പാടിനെ തള്ളിയ ബിജെപി നേതാക്കളുടെ നിലപാട് ബാലിശമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ധനമന്ത്രിമാരിൽ ഒരാളാണ് യശ്വന്ത് സിൻഹ. അദ്ദേഹത്തിന്റെ വിമർശനം പാർട്ടിയുടെയും രാജ്യത്തിന്റെയും താൽപര്യ മുൻനിർത്തിയാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ച് സര്‍ക്കാരിന് മുന്നില്‍ ഒരു കണ്ണാടി കാണിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.

രാജ്യതാൽപര്യമാണ് വലുതെന്നും പാർട്ടി പിന്നീടാണെന്നും അടുത്തിടെ നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. യശ്വന്ത് സിന്‍ഹ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിലെല്ലാം രാജ്യത്തിന്റേയും അതോടൊപ്പം പാര്‍ട്ടിയുടേയും താത്പര്യം ഒരു പോലെ നിറഞ്ഞ് നിന്നിരുന്നു. ബിജെപിയില്‍ ഏറെ അനുഭവ സമ്പത്തുള്ള യശ്വന്ത് സിൻഹയുടെ കാഴ്ചപ്പാടുകളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യണമെന്നും ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.

അതിനിടെ, യശ്വന്ത് സിന്‍ഹ നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്കാകുമോ എന്ന് ശിവസേന വെല്ലുവിളിച്ചു. പാര്‍ട്ടി പത്രമായ സാംനയിലൂടെയാണ് ശിവസേന വെല്ലുവിളി നടത്തിയത്. ബിജെപിയില്‍ ഒരുപാട് പേര്‍ക്ക് സര്‍ക്കാരിന്റെ നിലപാടുകളില്‍ അതൃപ്തിയുണ്ടെന്നും പേടികാരണമാണ് ആരും ഒന്നും പ്രതികരിക്കാത്തതെന്നുമാണ് കഴിഞ്ഞ ദിവസം യശ്വന്ത് സിൻഹ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ