ന്യൂഡല്‍ഹി: വിജയ് ചിത്രം മെര്‍സലിനെതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ജിഎസ്ടിയെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ ജിഎസ്ടിയെ പിന്തുണക്കും, ചിലര്‍ എതിര്‍ക്കും. അതുപോലെ നോട്ട് നിരോധനത്തെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാകും. പിന്തുണക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് കേന്ദ്ര സര്‍ക്കാരിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തെ സമ്പത് വ്യവസ്ഥ തകര്‍ക്കുകയാണെന്നും രാജ്യത്തിന്റെ ഭരണം രണ്ട് പേരിലേക്ക് മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.

ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ