ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പിന്‍മാറുന്നത് കീഴടങ്ങുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്നും ഇന്ത്യ ജയിച്ചിട്ടുണ്ടെന്നും തരൂര്‍ ഓര്‍മ്മപ്പെടുത്തി.

ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടിപ്പോള്‍ മൂന്ന് മാസത്തിനപ്പുറം നടക്കാന്‍ പോകുന്ന ക്രിക്കറ്റ് മാച്ച് വേണ്ടാതെ വയ്ക്കുന്നതാണോ വേണ്ടതെന്ന് തരൂര്‍ ചോദിക്കുന്നു. ഒരു മാച്ച് വേണ്ടെന്ന് വയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്ന് പറഞ്ഞ തരൂര്‍ ബിജെപി സ്വന്തം കഴിവുകേട് മറച്ച് വയ്ക്കാന്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു.

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ നടക്കാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്ന് ഹര്‍ബജന്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.

പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ ഇന്ന് നിര്‍ണ്ണായക യോഗം വിളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook