ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘തേള്’ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ കെട്ടിവയ്ക്കാനും കോടതി തരൂരിനോട് ആവശ്യപ്പെട്ടു. ബിജെപി നേതാവ് രാജീവ് ബബ്ബാറിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ബബ്ബാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള് ആണെന്ന് ഒരിക്കൽ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞതായി ശശി തരൂര്‍ എംപി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പാരഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്ര മോദി ആൻഡ് ഹിസ് ഇന്ത്യ” എന്ന തന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയിലായിരുന്നു തരൂരിന്റെ പരാമർശം.
മാധ്യമപ്രവർത്തകനായ വിനോദ് ജോസിനോട് ആര്‍എസ്എസ് നേതാവ് ഈ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആര്‍എസ്എസുമായി ചേര്‍ന്നു പോകുന്നത് അല്ലെന്നും തരൂർ പറഞ്ഞു.
Read More: ‘സംഘനേതാവ് പറഞ്ഞു, ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദി’; ശശി തരൂരിന്റെ വെളിപ്പെടുത്തല്‍
‘മോദിയെ കുറിച്ച് പേര് വെളിപ്പെടുത്താത്ത ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞ സവിശേഷമായ ഒരു വിശേഷണം ഉണ്ട്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെ പോലെയാണ് മോദി. നിങ്ങള്‍ക്ക് കൈ കൊണ്ട് അതിനെ എടുത്ത് കളയാനും പറ്റില്ല, ചെരുപ്പ് കൊണ്ട് അടിക്കാനും പറ്റില്ല,’ ശശി തരൂര്‍ പറഞ്ഞു. ഏത് ആര്‍എസ്എസ് നേതാവാണ് മോദിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് ശശി തരൂര്‍ വെളിപ്പെടുത്തിയില്ല. മാധ്യമപ്രവര്‍ത്തകനോട് ഒരു ആര്‍എസ്എസ് നേതാവാണ് ഇങ്ങനെ പറഞ്ഞതെന്നാണ് തരൂര്‍ വ്യക്തമാക്കിയത്.
അടുത്തിടെ തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എത്തിയ ശശി തരൂരിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബാബ്റി മസ്ജിദ് പൊളിച്ച വിഷയം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മറ്റൊരാളുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ ഒരു രാമക്ഷേത്രം വേണമെന്ന ആഗ്രഹം നല്ല ഒരു ഹിന്ദുവിന് ഉണ്ടാവില്ല,’ എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.