/indian-express-malayalam/media/media_files/uploads/2017/07/shashi-tharoor-759.jpg)
ന്യൂഡൽഹി: വിവാദമായ സുനന്ദ പുഷ്കര്‍ മരണ കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ, താന്‍ ട്വിറ്ററില്‍ നിന്നും കുറച്ചു നാളത്തേക്കു വിട്ടുനില്‍ക്കുന്നുവെന്ന് തരൂരിന്റെ ട്വീറ്റ്. തനിക്കുനേരെ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നുമാണ് തരൂര്‍ ട്വിറ്റര്‍ വഴി അറിയിച്ചത്.
Staying off twitter for a while-- one encounters too much epicaricacy എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. കൂടി Epicaricacy എന്ന വാക്കിന്റെ അര്‍ത്ഥവും തരൂര്‍ ചേര്‍ത്തിട്ടുണ്ട്.
Staying off @Twitter for a while -- one encounters too much epicaricacy! pic.twitter.com/znaj8vUl0R
— Shashi Tharoor (@ShashiTharoor) May 14, 2018
സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ ഡല്‍ഹി പൊലീസ് ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശശി തരൂര്‍ എംപിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഏറെ തലവേദന സൃഷ്ടിക്കുന്നതാണ് കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രം.
എന്നാല്‍ കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്ന് തരൂര്‍ ഇന്നലെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു.
'സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്നെ പ്രതി ചേര്‍ത്ത് സമര്‍പ്പിച്ച സാമാന്യ യുക്തിക്ക് നിരക്കാത്ത കുറ്റപത്രം എന്റെ ശ്രദ്ധയില്‍ പെട്ടു. സുനന്ദയെ അറിയുന്ന ആരെങ്കിലും എന്നില്‍ ദുഷ്പ്രേരണ ചാര്‍ത്തി അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുമെന്ന് കരുതുന്നവരല്ല. നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഇതാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്ന നിഗമനം എങ്കില്‍ അവരുടെ അന്വേഷണം ഏത് വിധത്തിലുളളതായിരുന്നുവെന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്. ആറ് മാസം മുന്‍പ് ഒക്ടോബര്‍ 17 ന് പൊലീസിന്റെ അഭിഭാഷകന് ഡല്‍ഹി കോടതിയില്‍ പറഞ്ഞത് കേസില്‍ ഇതുവരെ ആരെയും സംശയിക്കുന്നില്ല എന്നാണ്. ആറ് മാസത്തിന് ശേഷം അവര്‍ പറയുന്നു, ഞാന്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന്. അവിശ്വസനീയം,'' തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
സുനന്ദ പുഷ്കറിനെ 2010 ഓഗസ്റ്റ് 22നായിരുന്നു ശശി തരൂര്‍ എംപി വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷവും മൂന്ന് മാസവും 15 ദിവസവും പിന്നിട്ടപ്പോഴാണ് സുനന്ദ പുഷ്കര്‍ മരിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. പാട്യാല ഹൗസ് കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ്ങിന്റെ കോടതി, മെയ് 24 നാണ് കുറ്റപത്രം പരിഗണിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us