ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിന് ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാർ പുരസ്കാരം. തരൂരിന്റെ രചനകളും പ്രസംഗങ്ങളും മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്. പുരസ്കാരത്തെക്കുറിച്ച് ന്യൂഡൽഹിയിലെ ഫ്രഞ്ച് അംബാസിഡർ കത്തിലൂടെയാണ് തരൂരിനെ അറിയിച്ചത്.
ഫ്രഞ്ച് സർക്കാരിലെ ഏതെങ്കിലും മന്ത്രിയുടെ അടുത്ത ഇന്ത്യാ സന്ദർശന വേളയിൽ പുരസ്കാരം കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം എംബസി, കോൺസുലേറ്റുകൾ, അലയൻസ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാച്ച്‌സ് ഉദ്യോഗസ്ഥരെ ഫ്രഞ്ച് ഭാഷയിൽ പ്രസംഗിച്ച് തരൂർ അത്ഭുതപ്പെടുത്തിയിരുന്നു.
രാജ്യത്തെ പരമോന്നത പുരസ്കാരം നൽകിയ ഫ്രഞ്ച് സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായി തരൂര്‍ ട്വിറ്ററിൽ കുറിച്ചു. ഫ്രാൻസുമായുള്ള നമ്മുടെ ബന്ധത്തെ വിലമതിക്കുകയും ഭാഷയെ സ്നേഹിക്കുകയും സംസ്കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ, ഈ രീതിയിൽ അംഗീകരിക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു. ഇങ്ങനെയൊരു പുരസ്കാരത്തിനായി തന്നെ തിരഞ്ഞെടുത്തതിന് നന്ദിയെന്നും തരൂർ പറഞ്ഞിട്ടുണ്ട്.
രാജ്യാന്തര പുരസ്കാരം തരൂരിനെ തേടി എത്തുന്നത് ഇതാദ്യമല്ല. 2010-ൽ തരൂരിന് സ്പാനിഷ് സർക്കാരിൽ നിന്ന് സമാനമായ ബഹുമതി ലഭിച്ചിരുന്നു.