ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. ജൂലൈ ഏഴിനാണ് തരൂരിനോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡല്‍ഹി അഡീഷനല്‍ മെട്രോപൊളീറ്റന്‍ കോടതി തരൂരിന് സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടു.

ആത്മഹത്യാപ്രേരണയും ഗാര്‍ഹിക പീഡനവുമാണ് ഡല്‍ഹി പൊലീസ് തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ശശി തരൂരിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306, 498 എ വകുപ്പുകളാണ് ശശി തരൂര്‍ എംപിക്കെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ ആകാതെ ഭാര്യയെ ഭര്‍ത്താവ് ഗാര്‍ഹികമായി പീഡിപ്പിക്കുന്ന സംഭവങ്ങളിലാണ് 498 എ വകുപ്പ് ചുമത്തിയിരിക്കുന്നത്.

2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ സ്യൂട്ട് മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടക്കത്തില്‍ തന്നെ സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഇവര്‍ ഈ സമയത്ത് പരിചരണം തേടിയിരുന്ന രോഗത്തിന് നല്‍കിയ മരുന്നിന്റെ ഓവര്‍ഡോസാണോ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് സംശയം ഉയര്‍ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ