തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ 2019ല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്ന ആഹ്വാനവുമായി ഉയര്‍ന്ന ഓണ്‍ലൈന്‍ ക്യാംപെയിന്‍ വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്ത്. ക്യാംപെയിനിനെ താന്‍ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു.

“കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമാണ് താന്‍, അതില്‍ കൂടുതലോ കുറവോ ഒന്നുമില്ല. പാര്‍ട്ടിക്ക് സ്ഥാപിതമായ ഒരു നേതൃത്വമുണ്ട്. അത് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. മാറ്റങ്ങള്‍ വേണ്ടപ്പോള്‍ പാര്‍ട്ടി തന്നെ അംഗീകരിക്കപ്പെട്ട നടകപടിക്രമങ്ങളിലൂടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു എംപി എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ഓണ്‍ലൈന്‍ ക്യാംപെയിന്‍ പിന്‍വലിക്കണമെന്നും” ശശി തരൂര്‍ പറഞ്ഞു.

ശശി തരൂര്‍ അന്താരാഷ്ട്ര വിഷയങ്ങളിലും, ആഭ്യന്തര വിഷയങ്ങളിലും ഒരു പോലെ മികവ് പുലര്‍ത്താന്‍ കഴിയുന്ന വ്യക്തിയാണെന്നും, ഇന്ത്യയിലെ സാധാരണ ജനങ്ങളുമായും, ലോക രാജ്യങ്ങളിലെ നേതാക്കന്മാരായി നല്ല ബന്ധം പുലര്‍ത്താന്‍ തരൂരിന് സാധിക്കുമെന്നാണ് ക്യാംപെയിനിന് തുടക്കം കുറിച്ച തിരുവനന്തപുരം സ്വദേശി പോള്‍ ട്രിവാന്‍ഡ്രം പറയുന്നത്. ചെയ്ഞ്ച്.ഓര്‍ഗ് (change.org) സൈറ്റില്‍ തുടങ്ങിയ ക്യാപെയിനില്‍ ഇതിനകം 16,000ത്തിലധികം ഒപ്പാണ് ശേഖരിക്കപ്പെട്ടത്.

തെരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസ്സിന് കഴിയാത്തതിനു വ്യത്യസ്ത കാരണങ്ങളാണ് ഉയര്‍ന്നു വരുന്നത്. ശക്തമായൊരു നേതൃനിര ഇല്ല എന്നുള്ളത് തന്നെയാണ് പ്രധാന കാരണമായി ഏവരും കണക്കാക്കുന്നതും. ഈ സാഹചര്യത്തിലാണ് വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ് ശശി തരൂരിനെ നിയോഗിക്കണമെന്ന ആവശ്യവുമായിട്ട് ക്യാംപയിന്‍ ആരംഭിച്ചത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിയിട്ടും വിജയിക്കാതെ പോയത് രാഹുല്‍ ഗാന്ധി നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയാണെന്ന് സമൂഹ മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യുന്ന അവസരത്തിലാണ് ശശി തരൂരിനെ പിന്തുണച്ചു കൊണ്ട് ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ