തിരുവനന്തപുരം: ശ്രീരാമൻ ബിജെപിയുടെ മാത്രം സ്വത്തല്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ദശലക്ഷക്കണക്കിനു ആളുകളുടെ ഹൃദയത്തിലും മനസിലും ആഴത്തിൽ പതിഞ്ഞ ആദർശ മനുഷ്യനാണ് രാമനെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രത്തിനു തറക്കല്ലിട്ടതിനു പിന്നാലെയാണ് ശശി തരൂരിന്റെ ട്വീറ്റ്.

“ഗാന്ധിജി എപ്പോഴും ശ്രീരാമന്റെ ചരണങ്ങൾ ആലപിക്കുകയും മരണസമയത്ത് പോലും ‘ഹേ റാം’ ഉച്ചരിക്കുകയും ചെയ്‌തു. എല്ലാവരും സമാധനത്തോടെയും സമൃദ്ധിയിലും ജീവിക്കുന്ന രാമരാജ്യത്തെ കുറിച്ചാണ് ഗാന്ധിജി എപ്പോഴും സംസാരിച്ചിരുന്നത്. രാമന്റെ പേര് ഹെെജാക് ചെയ്യരുത്” ശശി തരൂർ ട്വീറ്റ് ചെയ്‌തു.

വെറുപ്പിലും ക്രൂരതയിലും രാമനില്ല; ഭൂമിപൂജയ്‌ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം

“എല്ലാ മനുഷ്യരിലും രാമനുണ്ട്. ഹിന്ദുക്കൾക്ക് രാമൻ ആരാധിക്കപ്പെടേണ്ട ഒരു ദെെവമാണ്. എന്നാൽ, ഗാന്ധിക്ക് മനുഷ്യൻ പരിശീലിക്കേണ്ട ഗുണഗണങ്ങളാണ് രാമൻ. ബാബറി മസ്‌ജിദ് പൊളിച്ച ക്രിമിനൽ കുറ്റത്തെയാണ് കോൺഗ്രസ് എതിർത്തിട്ടുള്ളത്, അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെയല്ല. തർക്കപ്രദേശത്തിനു സമാന്തരമായി ഒരു സ്ഥലത്ത് ശിലന്യാസം നടത്താൻ വിശ്വഹിന്ദു പരിഷത്തിനു അനുമതി നൽകിയത് 1989 ൽ രാജീവ് ഗാന്ധിയാണ്. എന്നാൽ, മസ്‌ജിദിന്റെ പൂട്ട് തുറന്നുകൊടുത്തത് രാജീവ് ഗാന്ധിയല്ല. 1986 ൽ മസ്‌ജിദിന്റെ പൂട്ട് തുറന്നുകൊടുക്കാൻ ഉത്തരവിട്ടത് ഫൈസാബാദ് ജില്ലാ കലക്‌ടറാണ്,” തരൂർ ട്വീറ്റ് ചെയ്‌തു

രാമക്ഷേത്രത്തിനുള്ള പോരാട്ടത്തെ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച് പ്രധാനമന്ത്രി

“ചില ഇടത്-ലിബറലുകൾ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് ബിജെപിയുടെ മറ്റൊരു പതിപ്പാണെന്നാണ് അവർ ആരോപിക്കുന്നത്. ശരിയാണ്, ചില കോൺഗ്രസ് നേതാക്കൾ സുപ്രീം കോടതി വിധിക്ക് പിന്നാലെ രാമക്ഷേത്രത്തെ സ്വാഗതം ചെയ്‌തു. എന്നാൽ അവരൊന്നും മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയില്ല. ഹിന്ദുവിനെ മുസ്‌ലിമിനെതിരെയാക്കാൻ നോക്കിയില്ല.” തരൂർ പറഞ്ഞു.

ഇപ്പോൾ ചിന്തിക്കേണ്ടത് ജനങ്ങളുടെ കാര്യമാണ്; രാമക്ഷേത്ര വിഷയത്തിൽ പിണറായി

രാമക്ഷേത്ര ശിലാസ്ഥാപനത്തിനു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരണം അറിയിച്ചിരുന്നു. വെറുപ്പിലും ക്രൂരതയിലും രാമനില്ലെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തത്. എല്ലാവിധ മാനുഷിക നന്മകളുടെയും ഏറ്റവും ഉയർന്ന പ്രതീകമാണ് ശ്രീരാമനെന്ന് രാഹുൽ പറഞ്ഞു. “രാമൻ സ്‌നേഹമാണ്, അത് വെറുപ്പിൽ പ്രകടമാകില്ല രാമൻ സഹാനുഭൂതിയാണ്, അത് ക്രൂരതയിൽ പ്രകടമാകില്ല രാമൻ നീതിയാണ്, അത് അനീതിയിൽ പ്രകടമാകില്ല” രാഹുൽ ട്വീറ്റ് ചെയ്‌തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook