scorecardresearch

തിരുവനന്തപുരത്ത് വമ്പന്മാരുടെ ഏറ്റുമുട്ടൽ; ശശി തരൂരിന് ഒത്ത എതിരാളിയാണ് രാജീവ് ചന്ദ്രശേഖറെന്ന് ബിജെപി

59 കാരനായ ചന്ദ്രശേഖറും 67 കാരനായ തരൂരും തങ്ങളുടെ വിവിധ നേട്ടങ്ങൾക്ക് പേരുകേട്ട സൗമ്യരും വാചാലരുമായ നേതാക്കളാണ്. മറുവശത്ത്, 78 കാരനായ പന്ന്യൻ രവീന്ദ്രൻ സാധാരണക്കാരുടെ പ്രതിനിധിയായാണ് എത്തുന്നത്.

59 കാരനായ ചന്ദ്രശേഖറും 67 കാരനായ തരൂരും തങ്ങളുടെ വിവിധ നേട്ടങ്ങൾക്ക് പേരുകേട്ട സൗമ്യരും വാചാലരുമായ നേതാക്കളാണ്. മറുവശത്ത്, 78 കാരനായ പന്ന്യൻ രവീന്ദ്രൻ സാധാരണക്കാരുടെ പ്രതിനിധിയായാണ് എത്തുന്നത്.

author-image
Liz Mathew
New Update
Shashi Tharoor | Rajeev Chandrasekhar

കേരളത്തിൽ ഏറ്റവുമധികം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്നായി തലസ്ഥാനത്തെ ഈ ത്രികോണ മത്സരം മാറും (ഫയൽ ചിത്രം)

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടയിൽ ബൈക്ക് റാലിയോടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ച തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി എന്ന നിലയിലുള്ള തൻ്റെ പ്രചാരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ വരവോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവുമധികം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിലൊന്നായി തലസ്ഥാനത്തെ ഈ ത്രികോണ മത്സരം മാറും.

Advertisment

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ 2009 മുതൽ തിരുവനന്തപുരം സീറ്റിൽ തുടർച്ചയായി  വിജയിച്ചുവരികയാണ്. ഇപ്പോൾ അദ്ദേഹം നാലാംതവണയാണ് കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ ഒരുങ്ങുന്നത്. ഈ മണ്ഡലത്തിൽ 2005ൽ വിജയിച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്.

59 കാരനായ ചന്ദ്രശേഖറും 67 കാരനായ തരൂരും തങ്ങളുടെ വിവിധ നേട്ടങ്ങൾക്ക് പേരുകേട്ട സൗമ്യരും വാചാലരുമായ നേതാക്കളാണ്. മറുവശത്ത്, 78 കാരനായ പന്ന്യൻ രവീന്ദ്രൻ സാധാരണക്കാരുടെ പ്രതിനിധിയായാണ് എത്തുന്നത്. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റുകൾ ലക്ഷ്യമിട്ടെത്തുന്ന ബി.ജെ.പി, തരൂരിൻ്റെ നിലവാരത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയെ ആണ് മത്സരിപ്പിക്കുന്നതെന്ന ആത്മവിശ്വാസത്തിലാണ്.

തരൂരിനെ പോലെ തന്നെ ആഗോള വീക്ഷണവും ഭരണപരിചയവും ഉള്ള വ്യക്തിയാണ് ചന്ദ്രശേഖറും. 2021 ജൂലൈ മുതൽ കേന്ദ്ര ഐ.ടി, നൈപുണ്യ വികസനം എന്നിവയുടെ സഹമന്ത്രിയാണ് അദ്ദേഹം. ഒപ്പം കോർപ്പറേറ്റ് മേഖലയിലും പ്രധാനിയാണ്. സെമി കണ്ടക്ടർ നിർമ്മാണ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാങ്കേതിക സംരംഭകനും കൂടിയാണ് അദ്ദേഹം. മധ്യവർഗ മണ്ഡലമായ തിരുവനന്തപുരത്ത് ചന്ദ്രശേഖറാണ് തങ്ങളുടെ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നുണ്ട്. 

Advertisment

2022 ഒക്ടോബറിൽ നടന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, മുൻ യുഎൻ നയതന്ത്രജ്ഞനായ തരൂർ, അദ്ദേഹത്തിൻ്റെ പ്രതിച്ഛായ കൊണ്ട് കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്. കഴിഞ്ഞ തവണയും ഭാര്യ സുനന്ദ പുഷ്‌കറിൻ്റെ നിര്യാണത്തെ തുടർന്നുള്ള വെല്ലുവിളികൾക്കിടയിൽ തരൂരിന് സീറ്റ് നിലനിർത്താനായിരുന്നു.

2009 മുതലുള്ള എം.പി. എന്ന നിലയിലുള്ള തൻ്റെ ട്രാക്ക് റെക്കോർഡ് ഈ തിരഞ്ഞെടുപ്പിലും തൻ്റെ ഏറ്റവും വലിയ സ്വത്തായിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിലും താൻ സംതൃപ്തനായിരിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. "മുമ്പ് രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച കമ്മ്യൂണിസ്റ്റുകളിൽ നിന്ന് 2009ൽ ഞാൻ സീറ്റ് പിടിച്ചെടുത്തു. രണ്ടാമതെത്തിയ ബിജെപിയെയും പിന്നിലാക്കി. ഇപ്പോഴിത് ത്രികോണ തെരഞ്ഞെടുപ്പാണ്. ഒരു തിരഞ്ഞെടുപ്പും ഞാൻ നിസ്സാരമായി കാണുന്നില്ല,” തരൂർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“ഞാൻ വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ 15 വർഷമായി ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നത് എൻ്റെ ഘടകകക്ഷികൾ കണ്ടിട്ടുണ്ട്. ഞാൻ എൻ്റെ സ്വന്തം പ്രവർത്തന മികവിൽ പ്രചാരണം നടത്തും. നിഷേധാത്മക രാഷ്ട്രീയത്തിൽ ഞാൻ വിശ്വസിക്കാത്തതിനാൽ എൻ്റെ എതിരാളിയെ ആക്രമിക്കേണ്ട ആവശ്യമില്ല. അതത് പാർട്ടികൾ പേരുകൾ പ്രഖ്യാപിച്ച രണ്ട് സ്ഥാനാർത്ഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഒപ്പം എൻ്റെ പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു," തിരുവനന്തപുരത്തെ പോരാട്ടം വാർത്തകളിൽ നിറയുന്നതിനിടെ തരൂർ പറഞ്ഞു.

ബിജെപിയും ചന്ദ്രശേഖറും തങ്ങളുടെ പ്രചാരണത്തിനായി സമാഹരിക്കുന്ന വിഭവങ്ങളെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും തരൂർ പറഞ്ഞു. “2014ലും 2019ലും ഞാൻ ബി.ജെ.പിയെ തോൽപ്പിച്ചിട്ടുണ്ട്. അവർക്ക് നല്ല ഫണ്ട് ഉണ്ട്. ഇത്തവണയും പണമിറക്കുമെന്ന് എനിക്കറിയാം. പക്ഷേ, സ്ഥാനാർത്ഥികളുടെ മികവാണ് ജനത്തെ ആകർഷിക്കുക എന്നതാണ് വാസ്തവം, അല്ലാതെ പണമല്ല. എൻ്റെ നിയോജക മണ്ഡലത്തിൽ വിവിധ വികസന സംരംഭങ്ങൾ എത്തിക്കുന്നതിലും, ദിനംപ്രതി ലഭിക്കുന്ന നൂറുകണക്കിന് നിവേദനങ്ങളോടും അഭ്യർത്ഥനകളോടുമുള്ള നന്നായി പ്രതികരിക്കാനായതിലും ഞാൻ അഭിമാനിക്കുന്നു.

അതേസമയം, ഒരു സാധാരണക്കാരൻ്റെ പ്രതിച്ഛായയാണ് പന്ന്യൻ രവീന്ദ്രനുള്ളത്. തരൂരും ചന്ദ്രശേഖറും ഉയർന്ന ജാതിക്കാരായ നായർമാരാണെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി പിന്നാക്ക സമുദായത്തിൽ നിന്നുള്ളയാളാണ്. “രവീന്ദ്രൻ ഒരു അധഃസ്ഥിതനാണ്, വമ്പന്മാരെന്ന് വിളിക്കപ്പെടുന്നവരുടെ ഏറ്റുമുട്ടലിൽ അദ്ദേഹം വിജയിച്ച് മറ്റുള്ളവരെ അത്ഭുതപ്പെടുത്തും,” ഒരു ഇടതുപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, പാർട്ടിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന രവീന്ദ്രൻ്റെ പ്രസ്താവന അദ്ദേഹത്തിൻ്റെ സാധ്യതകൾക്ക് തിരിച്ചടിയായേക്കും.

അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയെച്ചൊല്ലി തരൂരിനും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനുമെതിരെ മണ്ഡലത്തിലെ നായർമാരെ പോലെ നിർണായകമായ വോട്ട് അടിത്തറയുള്ള ഒരുവിഭാഗം തീരദേശ വാസികൾക്കിടയിലുണ്ടായ അതൃപ്തി രവീന്ദ്രന് മുതലാക്കാമെന്ന് ഇടത് നേതാക്കൾ പറയുന്നു. പദ്ധതിയെ പിന്തുണച്ചതിൽ ക്രിസ്ത്യൻ, ഹിന്ദു നാടാർ ഉൾപ്പെടെയുള്ള തീരദേശ സമൂഹങ്ങൾക്കിടയിൽ തരൂരിനെതിരെ അതൃപ്തിയുണ്ട്.

എന്നാൽ തരൂരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത് അദ്ദേഹം ഇതിനോടകം തന്നെ ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന് വേണ്ടി ഞാൻ സംസാരിച്ചതുപോലെ മറ്റൊരു എംപിയും സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പ്രശ്നങ്ങൾ ഞാൻ 20 തവണ ലോക്സഭയിൽ ഉന്നയിച്ചിട്ടുണ്ട്. തീരദേശ ശോഷണം, മത്സ്യത്തൊഴിലാളി ആവശ്യങ്ങൾ, സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങൾ ഞാൻ ഏറ്റെടുത്തിട്ടുണ്ട്.

ചന്ദ്രശേഖറിൻ്റെ പ്രധാന വെല്ലുവിളി തൻ്റെ ഘടകകക്ഷികളുമായി സ്വയം പരിചയപ്പെടുക എന്നതാണ്. അതേസമയം, അദ്ദേഹത്തിൻ്റെ രണ്ട് എതിരാളികൾ ഇതിനോടകം തന്നെ മേഖലയിൽ അറിയപ്പെടുന്ന മുഖങ്ങളാണ്. പല സംസ്ഥാന ബിജെപി നേതാക്കളും ഈ മണ്ഡലത്തിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് തിരഞ്ഞെടുപ്പിൻ്റെ തലേന്ന് അദ്ദേഹത്തിൻ്റെ നാമനിർദ്ദേശം വന്നത്. കേരളത്തിൽ ഇതുവരെ ഒരു ലോക്സഭാ സീറ്റും ബിജെപിക്ക് നേടാനായിട്ടില്ല. 2016ൽ ഒ. രാജഗോപാൽ വിജയിച്ച തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു തവണ മാത്രമാണ് പാർട്ടി വിജയിച്ചത്.

Rajeev Chandrasekhar Pannyan Raveendran Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: