ബെംഗളൂരു: പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവിന്റെ വിവാദ വാക്കുകളെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവന. ‘ശിവലിംഗത്തില്‍ ഇരിക്കുന്ന തേള്‍’ എന്നാണ് മോദിയെ കുറിച്ച് തരൂര്‍ പറഞ്ഞത്. ഒരു ആര്‍എസ് നേതാവ് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞ വാക്കുകള്‍ കടമെടുത്ത് കൊണ്ടായിരുന്നു ശശി തരൂരിന്റെ വിമര്‍ശനം.

എഎന്‍ഐ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദിയെ കുറിച്ച് പേര് വെളിപ്പെടുത്താത്ത ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞ സവിശേഷമായ ഒരു വിശേഷണം ഉണ്ട്. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെ പോലെയാണ് മോദി. നിങ്ങള്‍ക്ക് കൈ കൊണ്ട് അതിനെ എടുത്ത് കളയാനും പറ്റില്ല, ചെരുപ്പ് കൊണ്ട് അടിക്കാനും പറ്റില്ല,’ ശശി തരൂര്‍ പറഞ്ഞു. ഏത് ആര്‍എസ്എസ് നേതാവാണ് മോദിയെ കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് ശശി തരൂര്‍ വെളിപ്പെടുത്തിയില്ല. മാധ്യമപ്രവര്‍ത്തകനോട് ഒരു ആര്‍എസ് നേതാവാണ് ഇങ്ങനെ പറഞ്ഞതെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്.

അടുത്തിടെ തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എത്തിയ ശശി തരൂരിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. പുതിയ പരാമര്‍ശവും വരും ദിവസങ്ങളില്‍ വിവാദം സൃഷ്ടിച്ചേക്കാം. കഴിഞ്ഞ ആഴ്ച ബാബ്‌റി മസ്ജിദ് പൊളിച്ച വിഷയം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മറ്റൊരാളുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ ഒരു രാമക്ഷേത്രം വേണമെന്ന ആഗ്രഹം നല്ല ഒരു ഹിന്ദുവിന് ഉണ്ടാവില്ല,’ എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി വിഷയം ഉയര്‍ത്തിക്കാണിച്ച് മതധ്രുവീകരണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ‘തിരഞ്ഞെടുപ്പിന്റെ ആഗമനവും മതവികാരത്തിന്റെ തീപിടിപ്പിക്കലും കാരണം കുറച്ച് കൂടി മോശം സംഭവങ്ങള്‍ കാണാന്‍ വരും മാസങ്ങളില്‍ നമ്മള്‍ കരുതി ഇരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്,’ തരൂര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook