ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബിജെപിക്കുള്ള വോട്ടിന് വേണ്ടിയുള്ള പ്രചരണമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ യുഎന്‍ പ്രസംഗമെന്ന് ശശി തരൂര്‍ എം.പി.
ഇത്ര മികച്ച ഒരു പ്ലാറ്റഫോമില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കിട്ടിയ അവസരം സുഷമാ സ്വരാജ് നശിപ്പിച്ചതായും ശശി തരൂര്‍ പറഞ്ഞു. പാക്കിസ്ഥാനെ കുറ്റം പറഞ്ഞ് ബിജെപിക്ക് വോട്ട് നേടാനാണ് മന്ത്രി ശ്രമിച്ചത്.
ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നായിരുന്നു സുഷമ സ്വരാജ് പറഞ്ഞത്. വര്‍ഷങ്ങളായി ഇന്ത്യ ഭീകരതയുടെ ഇരയാണെന്നും കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനെതിരെ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു സുഷമയുടെ പ്രസംഗം.
ഇന്ത്യ ഭീഷണി നേരിടുന്നത് അയല്‍പ്പക്കത്തുനിന്നാണ്. കൊലയാളികളെ സംരക്ഷിക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ വിലസുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വഭാവം കാരണമാണെന്നും സുഷമാ സ്വരാജ് ആരോപിച്ചിരുന്നു.
ഭീകരത വ്യാപിപ്പിക്കുക മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം നിഷേധിക്കാനും പാക്കിസ്ഥാന്‍ വിദഗ്ദരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒസാമ ബിന്‍ ലാദനെ കണ്ടെത്തിയത് പാക്കിസ്ഥാനിലാണെന്നത് . ന്യൂയോര്‍ക്ക്, മുംബൈ ഭീകരാക്രമണങ്ങള്‍ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകളെല്ലാം ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.