കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നുവെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അങ്ങനെ പ്രചാരണം നടത്തണമെങ്കില്‍ ഭാരവാഹിത്വം രാജിവെക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങളോട് തരൂര്‍ പ്രതികരിച്ചു.
പാര്‍ട്ടിയില്‍ മാറ്റത്തിനായാണ് മല്‍സരിക്കുന്നതെന്നും ഔദ്യോഗികമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ഥിയില്ലെന്നും താന്‍ മത്സരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങള്‍ക്കില്ലെന്ന് നെഹ്റു കുടുംബം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഖാര്‍ഗെയ്ക്ക് അനുകൂലമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ പ്രസ്താവന വ്യക്തിപരമായിരിന്നു. വോട്ടെടുപ്പ് പൂര്‍ണമായും രഹസ്യാത്മകമായിരിക്കും. ആര് ആര്‍ക്ക് വോട്ട് ചെയ്തെന്ന് കണ്ടെത്താന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും അത് സംബന്ധിച്ച് ഭയം വേണ്ടതില്ലെന്നും മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആര് ജയിച്ചാലും പാര്‍ട്ടിയുടെ വിജയം ആയിരിക്കുമെന്നാണ് എന്റെ വിശ്വാസം. മുതിര്‍ന്ന നേതാക്കള്‍ പക്ഷപാതം കാണിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. പക്ഷേ, അവര്‍ പറയുന്നത് തന്നെ പാര്‍ട്ടി അംഗങ്ങള്‍ കേള്‍ക്കണമെന്നില്ല. മാത്രവുമല്ല, അങ്ങനെ ചെയ്യുന്നത് ജനാധിപത്യവിരുദ്ധവുമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.