ന്യൂഡല്‍ഹി: വേറൊരു വിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കാതെ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. “അയോധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് അഴത്തിലുള്ള വിശ്വാസങ്ങളുണ്ട്. അവിടെ ഒരു ക്ഷേത്രമുണ്ടെന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ നശിപ്പിക്കാതെ തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായം” ശശി തരൂര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് സംസാരിക്കുമ്പോഴായിരുന്നു തരൂര്‍ ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും ശശി തരൂര്‍ നിലപാട് വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് ഒരു മോശം കാര്യമാണെന്ന് കരുതുന്നില്ല. പക്ഷേ, ഓരോ വിഭാഗത്തിനും അവരവരുടെ സമൂഹ്യവും ചരിത്രപരവുമായ സംസ്‌കാരങ്ങളും ആചാരങ്ങളും ഉണ്ട്. അതിന് പ്രാധാന്യം നല്‍കണമെന്നും തരൂര്‍ പറഞ്ഞു.

Read Also: നമുക്ക് വോട്ട് ചെയ്തിരുന്നവരെല്ലാം ബിജെപിയിലേക്ക് പോയി: ശശി തരൂര്‍

അയോധ്യ വിഷയത്തില്‍ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടെന്നാണ് പറയുന്നത്. അതൊരു രാമക്ഷേത്രമായിരുന്നു എന്നും പഠനങ്ങളുണ്ട്. രാമക്ഷേത്രമുണ്ടെന്ന് ആഴത്തില്‍ വിശ്വസിക്കുന്നവരുണ്ട്. മറ്റൊരു സമുദായത്തിന്റെ ആരാധനാലയം തകര്‍ക്കാതെ തന്നെ അവിടെ രാമക്ഷേത്രം നിര്‍മ്മിക്കാമെന്നാണ് അഭിപ്രായമെന്ന് തരൂർ വ്യക്തമാക്കി.

“പക്ഷേ, അങ്ങനെയൊരു പരസ്പര സഹകരണത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ അവിടെ ഏറ്റുമുട്ടലുണ്ടായി. മുസ്ലീം പള്ളി തകര്‍ത്തു. ഇന്ത്യയുടെ ആത്മാവിനേറ്റ ആഘാതമായാണ് ഞാന്‍ അതിനെ കാണുന്നത്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ ഉപേക്ഷിക്കുന്നു.”-തരൂര്‍ പറഞ്ഞു.

Read Also: പന്നികളോട് ഗുസ്തി പിടിക്കരുത്, ചളി പറ്റും; തരൂരിന്റെ ഒളിയമ്പ്

ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെയല്ല കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 ആജീവനാന്തം ആവശ്യമാണെന്ന നിലപാട് തങ്ങള്‍ക്കില്ല. എന്നാല്‍, 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ രീതിയെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ തന്നെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നിന്ന് 370 നീക്കം ചെയ്തതെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook