തിരുവനന്തപുരം: അഞ്ചുകൊല്ലത്തെ പ്രണയത്തിനൊടുവിലാണ് സഞ്ജു സാംസൺ പ്രിയ കൂട്ടുകാരി ചാരുലതയെ വിവാഹം ചെയ്തത്. കോളേജ് കാമ്പസിലെ സൗഹൃദത്തണലിൽ നിന്ന് സഞ്ജുവിന്റെ ഹൃദയത്തിലേക്ക് വന്ന ഇൻസ്വിംഗറായിരുന്നു ചാരു. ആരോരുമറിയാതെ കാത്തുസൂക്ഷിച്ച പ്രണയം ഇരു വീട്ടുകാരുടെയും ആശീർവാദത്തോടെ സാഫല്യമണിഞ്ഞപ്പോൾ ഇരുവര്‍ക്കും ഇന്ത്യ ജയിച്ചത്ര ആഹ്ളാദം.

ഇന്നലെ രാവിലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ സഞ്ജുവിന്റെയും ചാരുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വൈകിട്ട് ഇരുവരും പഠിച്ച മാർ ഇവാനിയോസ് കോളേജ് കാമ്പസിനുള്ളിലെ ഗിരിദീപം കൺവെൻഷൻ സെന്ററിൽ സുഹൃത്തുക്കൾക്കും വിശിഷ്ടാതിഥികൾക്കുമായി സത്കാരം നടന്നു.

Read: ചാരത്ത് ഇനിയെന്നും ചാരു; സഞ്ജു സാംസണ്‍ വിവാഹിതനായി

മുൻ ഇന്ത്യൻ നായകനും രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ മെന്ററുമായ രാഹുൽ ദ്രാവിഡ് ഭാര്യ വിചേതയ്ക്കൊപ്പം വിവാഹസത്കാരത്തിനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎമാർ, കേരള രഞ്ജി ട്രോഫി താരങ്ങൾ, പരിശീലകർ തുടങ്ങി വൻനിരതന്നെ ദമ്പതികളെ ആശിർവദിക്കാനെത്തിയിരുന്നു.

ഇന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നവദമ്പതികളെ കണ്ട് ആശംസ നേര്‍ന്നു. ഇരുവരേയും നേരില്‍ കണ്ട് ആശംസ അറിയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. രഞ്ജി ട്രോഫി മത്സരത്തിന്റെ ക്യാംപെയിന്‍ തുടങ്ങുന്നതിന് മുമ്പ് രണ്ട് ദിവസത്തെ ഹണിമൂണിനായി ഇരുവരും പുറപ്പെടുകയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി. ‘ഇരുവര്‍ക്കും സന്തോഷം നിറഞ്ഞ വൈവാഹിക ജീവിതം ആശംസിച്ചു. സഞ്ജുവിന് നിരവധി സെഞ്ചുറികള്‍ ഉണ്ടാവട്ടെ. ഈ ക്യാച്ച് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടു വരട്ടെ,’ ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡൽഹി പൊലീസിലെ മുൻ ഫുട്ബാൾ താരം കൂടിയായ സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും ഇളയ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത. ഇവരും മാർ ഇവാനിയോസ് കോളേജിലാണ് ബിരുദത്തിന് പഠിച്ചത്.

ഡൽഹിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്തെത്തിയ സഞ്ജു സാംസൺ മെഡിക്കൽ കോളേജ് ഗ്രൗണ്ടിലെ ബിജു ജോർജിന്റെ പരിശീലനത്തിന് കീഴിൽ കേരള ക്രിക്കറ്റിലേക്ക് പതിയെ ചുവടുകൾ വയ്ക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ഏറ്റവും പ്രായംകുറഞ്ഞ ക്യാപ്റ്റനായി ചരിത്രം കുറിച്ച സഞ്ജു 2014 ലെ ഇംഗ്ളണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.

Read: സഞ്ജു വിളിച്ചു, മുഖ്യമന്ത്രിയും ദ്രാവിഡും ആശംസകളുമായെത്തി; സഞ്ജു – ചാരു റിസപ്‍ഷൻ ചിത്രങ്ങൾ

2015 ൽ സിംബാബ്‌വെയ്ക്കെതിരെ ഒരു ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സഞ്ജു 2013 മുതൽ 15 വരെ രാജസ്ഥാൻ റോയൽസ് ടീമിലുണ്ടായിരുന്നു. 2016 -17 സീസണിൽ ഡൽഹി ഡെയർ ഡെവിൾസിൽ പോയെങ്കിലും 2018 ൽ വീണ്ടും രാജസ്ഥാൻ റോയൽസിൽ തിരിച്ചെത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook