ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന തരത്തിലുള്ള പരസ്യത്തെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ലെന്നും പരസ്പരമുള്ള കളിയാക്കലിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ക്രിക്കറ്റിനേയും രാഷ്ട്രീയത്തേയും പരസ്പരം മാറ്റി നിര്‍ത്തണമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു

ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടിവി തയ്യാറാക്കിയ പരസ്യമായിരുന്നു വിവാദമായത്. ലോകകപ്പില്‍ ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ചാനല്‍ പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖവുമായി സാമ്യമുള്ള ആളാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്. അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്.

”ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് ‘ ഇദ്ദേഹം പറയുന്നു. മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാനുള്ള അനുമതി എനിക്കില്ല”-എന്ന് മറുപടി നല്‍കുന്നു.

ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്. ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്” കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

ലോകകപ്പ് മത്സരത്തില്‍ കപ്പ് പാക്കിസ്ഥാന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. എന്നാല്‍ പരസ്യം ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഭിനന്ദന്‍ കറുത്തയാളാണെന്ന് കാണിക്കാന്‍ കറുത്ത മേക്കപ്പാണ് അഭിനന്ദനായി അഭിനയിച്ചയാളുടെ മുഖത്ത് ഉപയോഗിച്ചതെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook