ന്യൂഡൽഹി: മുൻ ഇന്ത്യൻ നാവികസേനാ ഓഫീസർ കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ പ്രമേയം തയാറാക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ സഹായം. കൽഭൂഷൻ സംഭവത്തിൽ പാക്കിസ്ഥാനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ കരട് തയാറാക്കാന്‍ സുഷമ സ്വരാജ് കോൺഗ്രസ് എംപിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സുഷമയുടെ അഭ്യര്‍ത്ഥന സന്തോഷപൂര്‍വം സ്വീകരിച്ച തരൂര്‍ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അനുമതി തേടി. തുടര്‍ന്നാണ് ശേഷം തരൂര്‍ പ്രമേയം തയ്യാറാക്കിയത്. കുൽഭൂഷണിന് എതിരായ പാക് നടപടി ഇന്ത്യയിലെ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നും ഇത്തരമൊരു ദൗത്യം തന്നെ ഏൽപ്പിച്ചതിൽ സന്തോഷമുണ്ടെന്നും ശശി തരുർ എന്‍ഡിടിവിയോട് പറഞ്ഞു.
2008 മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ സാഖിയുർ റഹ്മാൻ ലഖ്വിയെ പാകിസ്ഥാൻ മോചിപ്പിച്ചതിനെതിരെ പ്രസ്താവന തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതും തരൂരിനോട് ആയിരുന്നു. അന്നും ആ ചുമതല തരൂര്‍ ഭംഗിയായി നിര്‍വഹിച്ചു.
കുല്ഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കാനുളള തീരുമാനവുമായി മുന്നോട്ടുപോയാൽ പാക്കിസ്ഥാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സുഷമ സ്വരാജ് പ്രസ്താവനയില്‍ പറഞ്ഞത്. കുല്ഭൂഷൺ ജാദവ് കുറ്റക്കാരനാണെന്നതിന് തെളിവില്ല. ജാദവിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും. ജാദവിന് ആവശ്യമായ നിയമസഹായം ഇന്ത്യ ലഭ്യമാക്കും. യുഎന്നിൽ ഉൾപ്പെടെ മറ്റു ഉന്നത തലത്തിലും ഇന്ത്യ ഈ വിഷയം മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുമെന്നും സുഷമസ്വരാജ് പാർലമെന്റിൽ പറഞ്ഞു.
ജാദവിന്റെ കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തര സമ്പർക്കത്തിലാണ്. എന്ത് വിലകൊടുത്തും ജാദവിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നും സുഷമ പറഞ്ഞു.