ന്യൂഡല്‍ഹി: ഫെയ്സ് ബുക്ക് വിവാദത്തെച്ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് പുതിയ വഴിത്തിരിവില്‍. ശശി തരൂര്‍ എംപിയെ പാർലമെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കണമെന്ന് അംഗം നിഷികാന്ത് ദുബെ എംപി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. തെറ്റായ രീതിയും പാര്‍ലമെന്ററി സ്ഥാപനങ്ങളോടുള്ള തരൂരിന്റെ കടുത്ത അവഗണനയുമാണ് തന്റെ ആവശ്യത്തിന് കാരണമെന്ന് ദുബെ ചൂണ്ടിക്കാട്ടി.
വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് സംബന്ധിച്ച് ഐടി പാനലിനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനാവശ്യപ്പെട്ട് ശശി തരൂര്‍ ഫെയ്സ്ബുക്കിനു സമന്‍സ് അയച്ചിരുന്നു. വിഷയത്തില്‍ അവകാശലംഘനത്തിന് ദുബെയും തരൂരും പരസ്പരം നോട്ടീസ് നല്‍കിയിട്ടുണ്ട്.
Also Read: ബിജെപി ബന്ധമെന്ന ആരോപണം: ശശി തരൂരിന് ഫെയ്സ് ബുക്കിനെ വിളിച്ചു വരുത്താന്‍ സാധിക്കുമോ?
ബിജെപിയുടെ തെലങ്കാന എംഎല്‍എ ടി രാജസിങ്ങിനെതിരെ വിദ്വേഷഭാഷണ നിയമങ്ങള്‍ പ്രയോഗിക്കുന്നതിനെ ഫെയ്സ്ബുക്ക് ഇന്ത്യയുടെ പോളിസി ഡയറക്ടര്‍ അങ്കി ദാസ് എതിര്‍ത്തുവെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.
ഭരണതലത്തില്‍നിന്നുള്ള തിരിച്ചടി ഭയന്നാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചട്ടം 283 പ്രകാരം പാര്‍ലമെന്ററി സമിതികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനും ലോക്സഭയിലെ നടപടിക്രമങ്ങളും പെരുമാറ്റവും സംബന്ധിച്ച ചട്ടങ്ങളിലെ 258 (3) ചട്ടപ്രകാരം മറ്റൊരു അംഗെത്ത ഐടി സമിതിയുടെ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കാനുമുള്ള സ്പീക്കറുടെ അധികാരം പ്രയോഗിക്കാനും സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Also Read: ബിജെപി ബന്ധത്തെക്കുറിച്ച് ഫെയ്സ്ബുക്ക് മറുപടി പറയണം: സുക്കർബർഗിന് കോൺഗ്രസ് കത്തയച്ചു
‘ഏതെങ്കിലും സിറ്റിങ്ങില്‍ ചെയര്‍പേഴ്സണ്‍ ഹാജരായില്ലെങ്കില്‍ പകരം മറ്റൊരു അംഗത്തെ ആ സിറ്റിങ്ങിന്റെ ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കാന്‍ കമ്മിറ്റി തിരഞ്ഞെടുക്കും,’ എന്നാണ് ചട്ടം 258 (3) പറയുന്നത്. ഫെയ്സ്ബുക്കിന് കത്തയയ്ക്കും മുന്‍പ് അയച്ച സമിതി അംഗങ്ങളെ വിശ്വാസത്തിലെടുക്കാത്തതിലൂടെ തരൂര്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ദുബെ നേരത്തെ ആരോപിച്ചിരുന്നു.
തന്റെ രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി തരൂര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചുവെന്നും പാര്‍ലമെന്റ് സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ബിജെപിയെ ലക്ഷ്യമിട്ടതായും ദുബെ നാല് പേജ് വരുന്ന കത്തില്‍ ആരോപിച്ചു. കിംവദന്തികള്‍ പ്രചരിപ്പിക്കാനും ബിജെപിയെയും അതിന്റെ അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുമുള്ള തന്റെ രാഷ്ട്രീയ അജന്‍ഡ നിറവേറ്റുകയാണ് ശശി തരൂരെന്നും ദുബെ ആരോപിച്ചു.
Also Read: തീരുമാനമറിയാൻ മുസ്ലിം സമുദായം കാത്തിരിക്കുന്നു; ഫെയ്സ്ബുക്കിനോട് ജീവനക്കാർ
പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു പകരം ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് കൈമാറാനുള്ള നീക്കത്തോട് തരൂര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതായി ദുബെ പറഞ്ഞു. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും ജമ്മു കശ്മീരില്‍ 4 ജി ലഭ്യമല്ലാത്തതിനെതിരെയും തരൂര്‍ വിമര്‍ശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.