ന്യൂഡൽഹി: യുകെയുടെ പുതിയ യാത്രാനിയമത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം രമേശും. ഇന്ത്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ സ്വീകരിച്ചവരെ ഉൾപ്പടെ ‘വാക്സിനേഷൻ എടുക്കാത്തവരായി’ (അൺവാക്‌സിനേറ്റഡ്) ആയി കണക്കാക്കുകയും അവർ 10 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിക്കുകയും വേണമെന്നതാണ് യുകെയുടെ പുതിയ യാത്രാനിയമം.
പുതിയ യാത്രാനിയമം കാരണം ശശി തരൂരിന് തന്റെ “ദി ബാറ്റിൽ ഓഫ് ബിലോങ്ങിംഗ്” എന്ന പുസ്തകത്തിന്റെ യുകെ എഡിഷന്റെ പ്രകാശന ചടങ്ങിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹം നിയമത്തിനെതിരെ രംഗത്തെത്തിയത്.
“ഇക്കാരണത്താൽ കേംബ്രിഡ്ജ് യൂണിയനിലെ ചർച്ചയിൽനിന്നു ഞാൻ പുറത്തായി. ‘ ദി ബാറ്റിൽ ഓഫ് ബിലോങിങ്’ എന്ന എന്റെ പുസ്തകത്തിന്റെ യുകെ എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്. പൂർണമായി വാക്സിനേറ്റ് ചെയ്ത ഇന്ത്യക്കാരോടു ക്വാറന്റീനിൽ കഴിയണമെന്നു പറയുന്നതു നിന്ദ്യമാണ്. ബ്രിട്ടൻ ഇക്കാര്യം പുനഃപരിശോധിക്കണം” യുകെ ന്യൂസ് അനലിസ്റ്റ് അലക്സ് മാഷെരാസിന്റെ ട്വീറ്റ് ഉദ്ധരിച്ചു ശശി തരൂർ ട്വീറ്റ് ചെയ്തു.
കോൺഗ്രസിന്റെ രാജ്യസഭാ എംപി ജയറാം രമേശും യുകെയുടെ പുതിയ യാത്രാ നയത്തിനെതിരെ രംഗത്തെത്തി “തികച്ചും വിചിത്രമായത്” എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. “കോവിഷീൽഡ് വികസിപ്പിച്ചത് യുകെയിലാണ് എന്നത് പരിഗണിക്കുമ്പോൾ ഇത് തീർത്തും വിചിത്രമായതാണ്, കൂടാതെ സീറം ഇൻസ്റ്റിറ്റ്യൂട്ട് പൂണെ ആ രാജ്യത്തിനും ഇത് വിതരണം ചെയ്തു! ഇത് വംശീയത നിറഞ്ഞതാണ്.” അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയെ കൂടാതെ യുഎഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, റഷ്യ എന്നീ രാജ്യങ്ങൾക്കും പുതിയ നിയമം ബാധകമാണ്. പുതിയ നിയമം അനുസരിച്ച്, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോകുന്നവർ ആളുകൾ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിയണം, ഈ കാലയളവിൽ അവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും വേണം.