ന്യൂഡൽഹി: രാജ്യത്തെ മാധ്യമങ്ങളെ ബിജെപി ജന ശ്രദ്ധ തിരിച്ചുവിടാനുള്ള ആയുധങ്ങളായി ഉപയോഗിക്കുകയാണെന്ന് ശശി തരൂർ എംപി. കോവിഡ്, രോഗ വ്യാപനം, ചൈനയുമായുള്ള പ്രശ്നങ്ങൾ, സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ എന്നിവയിൽ നിന്നെള്ളാം ശ്രദ്ധ തിരിച്ചുവിടുകയാണ് ഭരണകക്ഷി ചെയ്യുന്നതെന്നും കോൺഗ്രസ് എംപി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന്റെ ഐഡിയ എക്സ്ചേഞ്ച് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനങ്ങളെ വ്യതിചലിപ്പിക്കുന്നതിനുള്ള ആയുധമായി മാധ്യമങ്ങളെ ഉപയോഗിക്കുന്നതിൽ ബിജെപി കഴിവ് തെളിയിച്ചവരാണെന്ന് നമുക്കറിയാം. തൊഴിലില്ലായ്മ, സാമ്പത്തിക രംഗത്തെ പരാജയം, ചൈനയുമായി ബന്ധപ്പെട്ട പ്രതിസന്ധി, കോവിഡ് -19 രോഗവ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വന്ന പരാജയം എന്നിവയിൽ നിന്നെല്ലാം സുശാന്ത് സിംഗ് രജ്പുത്, കങ്കണ റണാവ ത്തിന്റെ ഓഫീസ് പൊളിക്കൽ തുടങ്ങിയ വിഷയങ്ങളിലേക്ക് ശ്രദ്ധ മാറുകയാണ്,” തരൂർ പറഞ്ഞു.
Read More: സസ്പെൻഷൻ: ഗാന്ധി പ്രതിമയ്ക്കു സമീപം എംപിമാരുടെ പ്രതിഷേധം; ബിജെപി ഭീരുക്കളെന്ന് എളമരം കരീം
പാർലമെന്റിൽ ചോദ്യോത്തര വേള ഇല്ലാതാക്കിയത് എംപിയെന്ന നിലയിൽ പ്രതിസന്ധിയായി അനുഭവപ്പെടുന്നുണ്ടെന്നും തരൂർ പറഞ്ഞു. “ചോദ്യോത്തര വേളയിൽ മാത്രമാണ് മന്ത്രിമാരിൽ നിന്ന് എഴുതിത്തയ്യാറാക്കിയവയല്ലാതെയുള്ള മറുപടികൾ ലഭിക്കാറ്. ഇപ്പോൾ ലഭിക്കുന്ന എഴുതി തയ്യാറാക്കിയ മറുപടികൾ പലപ്പോഴും ഉദ്യോഗസ്ഥരാണ് തയ്യാറാക്കാറ്. ചോദ്യോത്തര വേളകളിൽ ഒരു വിഷയത്തെ നിങ്ങൾക്ക് പിന്തുടരാനാവുമായിരുന്നു,” തരൂർ പറഞ്ഞു.
ഗൗരവമേറിയ വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് കേന്ദ്രസർക്കാർ സജ്ജമാവുന്നില്ലെന്ന് തരൂർ പറഞ്ഞു. ചൈനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഭരണകക്ഷി പാർലമെന്റിൽ സ്വീകരിക്കുന്ന നിലപാട് ഇതിന് ഉദാഹരണമാണെന്നും തരൂർ പറഞ്ഞു.
Read More: കാർഷിക ബിൽ പ്രതിഷേധം: കെ.കെ രാഗേഷും എളമരം കരീമും അടക്കം എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍
“ലോക്സഭയിൽ പ്രതിരോധമന്ത്രി വന്ന് ഒരു പ്രസ്താവന നടത്തി. പ്രധാനമന്ത്രി വായ തുറന്നിട്ടില്ല. വാസ്തവത്തിൽ, ലോക്സഭയിൽ അദ്ദേഹത്തെ ഒരാഴ്ച തികച്ച് കാണുന്നില്ല. പ്രതിരോധമന്ത്രി ചോദ്യങ്ങളൊന്നും സ്വീകരിക്കുന്നില്ല. വിശദീകരണം തേടാൻ പോലും എംപിമാരെ സ്പീക്കർ അനുവദിച്ചില്ല. രാജ്യസഭയിൽ, ഒരു പരിധിക്കപ്പുറം കൂടുതൽ ചർച്ചകൾക്ക് അനുവാദമില്ല,” തരൂർ പറഞ്ഞു.
“ഇപ്പോൾ, ഇത് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ, സമ്മേളനം പൂർത്തിയാകുമ്പോഴേക്കും കോവിഡ് -19 കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചർച്ച ലോക്സഭയിൽ നടക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നനു. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച്, പ്രത്യേകിച്ച് തൊഴിലില്ലായ്മയെക്കുറിച്ച് ഗൗരവമേറിയ ചർച്ച നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്ത് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. ഒരു ജനാധിപത്യ പാർലമെന്റ് അതിനെക്കുറിച്ച് ചർച്ച ചെയ്യില്ല എന്ന കാര്യം മനസ്സിലുണ്ട്. ഇത് ചർച്ച ചെയ്യില്ലെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇതുവരെയും ഇതിനെക്കുറിച്ച് ഗൗരവമായ സംഭാഷണം നടത്തിയിട്ടില്ല എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്,” തരൂർ പറഞ്ഞു.