ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിഗ്‍വിയുടെയും അഭിപ്രായത്തിന് പിന്തതുണയുമായി ശശി തരൂർ എംപിയും. കഴിഞ്ഞ ആറ് വർഷമായി താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“നിങ്ങൾക്ക് അറിയാവുന്ന പോലെ, കഴിഞ്ഞ ആറ് വർഷമായി ഞാനിതാണ് പറയുന്നത്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കണം. അത് അദ്ദേഹം തെറ്റ് ചെയ്യുമ്പോൾ നമ്മുടെ വിമർശനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത കൊണ്ടുവരും.” ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം അത്ര മോശമല്ലെന്നാണ് ജയ്റാം പറഞ്ഞത്. മോദിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാതിരിക്കുകയും അതിനെ എപ്പോഴും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകനായ കപില്‍ സതീഷ് കൊമ്മിറെഡിയുടെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നരേന്ദ്ര മോദിയുടെ ഭരണത്തെ എപ്പോഴും കുറ്റം പറയുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ല. 2014 മുതല്‍ 2019 വരെ അദ്ദേഹം ഭരണത്തിലിരുന്ന് ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. അതുകൊണ്ടാണ് വീണ്ടും 30 ശതമാനം ജനങ്ങളുടെ പിന്തുണയോടെ മോദി അധികാരത്തിലെത്തിയത്. നമ്മള്‍ അത് തിരിച്ചറിയണം.”- ജയ്റാം രമേശ് പറഞ്ഞു.

Also Read: മോദിയെ എപ്പോഴും കുറ്റം പറയരുത്; ഭരണം അത്ര മോശമല്ല: ജയ്റാം രമേശ്

നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കണം എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ ഭരണരീതിയെ അംഗീകരിക്കണം എന്നാണ് പറഞ്ഞത്. മോദിയെ എപ്പോഴും മോശക്കാരനാക്കി അവതരിപ്പിച്ചതുകൊണ്ട് അദ്ദേഹത്തെ നേരിടാന്‍ നമുക്ക് സാധിക്കില്ല. മോദിയുടെ ഭരണത്തില്‍ ഉണ്ടായ സാമൂഹ്യ മാറ്റങ്ങള്‍ വ്യത്യസ്തമാണെന്നും ജയ്റാം രമേശ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook