ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മുസ്‌ലിം തൊപ്പിയും പച്ച നിറമുള്ള വസ്ത്രങ്ങളും ധരിക്കുന്നില്ലായെന്ന് ചോദിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ ബിജെപി രംഗത്ത്. പ്രധാനമന്ത്രി എല്ലാ തരത്തിലുള്ള തൊപ്പികളും വയ്ക്കാറുണ്ടെന്നും മുസ്‌ലിം തൊപ്പി മാത്രം വയ്ക്കാറില്ലെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് ഒരു സെമിനാറില്‍ സംസാരിക്കവെയായിരുന്നു തരൂരിന്റെ പരാമര്‍ശം. നാഗാലാന്റിലേയും മറ്റും വിദേശ തൊപ്പികള്‍ മോദി ധരിക്കാറുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വാക്കുകള്‍. തരൂരിന്റെ പ്രസ്താവന പ്രധാനമന്ത്രിയെ അവഹേളിക്കുന്നതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാം മാധവ് പറഞ്ഞു.

‘നാഗാലാൻഡിന്റെ തൊപ്പി തരൂരിന് വിദേശീയവും അപഹാസ്യവുമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആചാരങ്ങളെ കളിയാക്കിയാണ് തരൂരിന്റെ പരാമര്‍ശം’, രാം മാധവ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് കിരണ്‍ റിജ്ജു പറഞ്ഞു. ‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളേയും ആദിവാസികളേയും തരൂര്‍ അപഹസിച്ചതില്‍ കോണ്‍ഗ്രസ് ക്ഷമാപണം നടത്തണം. നാഗാലാൻഡ് ജനങ്ങളുടേയും ആദിവാസികളുടേയും ശിരോവസ്ത്രം വിദേശീയവും അപഹാസ്യവും ആണെന്നാണ് തരൂര്‍ പറഞ്ഞത്’, റിജ്ജു പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് നേരെയുളള അഹങ്കാരം കോണ്‍ഗ്രസിന് മുഖമുദ്രയായി മാറിയെന്ന് കായികമന്ത്രി രാജ്യവർദ്ധന്‍ സിങ് റാത്തോഡ് പറഞ്ഞു. തരൂര്‍ വടക്കുകിഴക്കന്‍ ജനതയെ അപമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ശശി തരൂര്‍ എംപി പ്രതിഷേധമുയര്‍ത്തിയത്. ‘പ്രധാനമന്ത്രിക്ക് ഒരു വിഭാഗത്തെ ഇഷ്ടമല്ല. ബിജെപിയുടെ മുദ്രാവാക്യം ‘സബ്‌കേ സാത്ത് സബ്കാ വികാസ്’ എന്നാണെങ്കിലും ഈ വിഭാഗത്തെ മാത്രം എല്ലാത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. എന്റെ ഈ പ്രസ്താവന കൊണ്ട് ആര്‍ക്കും ദേഷ്യം വരേണ്ട കാര്യമില്ല. ഇത് എന്റെ നിരീക്ഷണമാണ്. പ്രധാനമന്ത്രി മുസ്‌ലീം മതാചാരപ്രകാരമുള്ള വസ്ത്രങ്ങളും തൊപ്പിയും പലതവണ നിഷേധിച്ചിട്ടുണ്ട്’, തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗീയ അതിക്രമങ്ങളും അസഹിഷ്ണുതയും കഴിഞ്ഞ നാല് വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2,920 വര്‍ഗീയ ആക്രമണ സംഭവങ്ങള്‍ ഇന്ത്യയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നെന്നും ഇതില്‍ 389 ആള്‍ക്കാര്‍ കൊല്ലപ്പെട്ടുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook