/indian-express-malayalam/media/media_files/uploads/2018/07/shashi-tharoor.jpg)
തിരുവനന്തപുരം: ഗാന്ധിജിയുടെ അനുയായിയായ സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള പ്രതിമ പണി കഴിപ്പിച്ച ബിജെപി എന്തുകൊണ്ടാണ് മഹാത്മ ഗാന്ധിയുടെ ഭീമാകാരമായ പ്രതിമ പണിയാത്തതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കവേയാണ് ശശി തരൂർ ചോദ്യം ഉന്നയിച്ചത്.
ഗാന്ധിജിയുടെ ഏറ്റവും വലിയ പ്രതിമ പാർലമെന്റിലാണുള്ളത്, എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യന്റെ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. അത്രയും ഉയരത്തിലുള്ള പ്രതിമ ഗാന്ധിജിക്കില്ലാത്ത സ്ഥിതിക്ക് എന്തിനാണ് ഇത്രയും ഉയരത്തിലുള്ള പ്രതിമ പട്ടേലിനായ് പണി കഴിപ്പിച്ചത്. സർദാർ വല്ലഭായ് പട്ടേൽ ഗാന്ധിയനും ലളിത ജീവിതം നയിച്ച വ്യക്തിയുമാണ്. രാജ്യത്തെ ദരിദ്ര കർഷകർക്ക് വേണ്ടി നിലകൊണ്ട ഗാന്ധിയന് വേണ്ടി ഇത്രയും വലിയ പ്രതിമ പണികഴിപ്പിച്ചതിലെ ഔചിത്യമെന്തെന്നും ശശി തരൂർ ചോദിച്ചു.
ഗാന്ധിജിയുടെ പ്രതിമ ഉയർത്താത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് ബിജെപിക്ക് ഉത്തരം ഉണ്ടാകില്ല. കാരണം ബിജെപി ഗാന്ധിജിയുടെ അഹിംസയിൽ വിശ്വസിക്കുന്നില്ലെന്നും തരൂർ പറഞ്ഞു. സ്വന്തമായി സ്വാതന്ത്ര്യസമര സേനാനികൾ ഇല്ലാത്തതിനാൽ ബിജെപി സർദാർ പട്ടേലിനെ പോലെയുള്ള സ്വാതന്ത്ര്യസമര നായകരെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. പട്ടേൽ കോൺഗ്രസ് നേതാവായിരുന്നു. ബിജെപി അദ്ദേഹത്തെ ദത്തെടുക്കേണ്ട ആവശ്യമില്ലെന്നും ശശി തരൂർ പറഞ്ഞു.
ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) പട്ടേലിന്റെ 144-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിന് സമർപ്പിച്ചത്. ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമാണ് പ്രതിമയ്ക്കുള്ളത്. 314 മില്യണ്‍ യൂറോയാണ് (ഏതാണ്ട് 2634 കോടിയിലധികം ഇന്ത്യന്‍ രൂപ) നിർമ്മാണ ചെലവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.