ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനന്ത്കുമാറിന്‍റെ പ്രസ്താവനയ്ക്ക് ശശി തരൂരിന്റെ പരോക്ഷമായ മറുപടി. ഹിന്ദുത്വവാദികള്‍ ഇന്ത്യ ഒരു ദേശമാണ്‌ എന്ന ആശയത്തെ നിരാകരിക്കുന്നു എന്ന് പറഞ്ഞ ശശി തരൂര്‍ അവര്‍ക്ക് വേണ്ട ‘ഹിന്ദു രാഷ്ട്രം ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആണ്” എന്നും കൂട്ടിച്ചേര്‍ത്തു.

“പലരും ചൂണ്ടിക്കാണിക്കുന്നത് നൂറുകണക്കിന് തവണ ഭേദഗതി വരുത്തിയതാണ് ഭരണഘടന എന്നതാണ്. സര്‍ക്കാരുകള്‍ക്ക് ഭേദഗതി കൊണ്ടുവരാനുള്ള പൂര്‍ണ അവകാശവുമുണ്ട്. പക്ഷെ അതിന്‍റെ കാരണങ്ങളാണ് പ്രധാനം. ഇന്ത്യ ഒരു ദേശമാണ്‌ എന്നും ഇവിടെ എല്ലാത്തരം ജനങ്ങള്‍ ഉണ്ട് എന്നതുമായ ആശയത്തെ അവര്‍ നിരാകരിക്കുന്നു. അവര്‍ക്ക് വേണ്ട ഹിന്ദു രാഷ്ട്രം ഒരു ഹിന്ദു പാക്കിസ്ഥാന്‍ ആണ്.” മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനായ ശേഖര്‍ ഗുപ്തയുടെ ട്വീറ്റിന് മറുപടിയായി തിരുവനന്തപുരം എംപി പറഞ്ഞു.

ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരണം എന്നുള്ള കേന്ദ്രമന്ത്രി അനന്ത്കുമാറിന്‍റെ പരാമര്‍ശത്തിനു പിന്നാലെയാണ് ശശി തരൂരിന്‍റെ ട്വീറ്റ്.

കര്‍ണാടകത്തിലെ കൊപ്പാലില്‍ നടന്ന ബ്രാഹ്മണ യുവ പരിഷത്ത് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഭരണഘടനയെ മാറ്റുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

”മതേതരര്‍ എന്നും പുരോഗമനവാദികള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്” എന്ന് പറഞ്ഞ അനന്ത്കുമാര്‍ ഹെഗ്ഡെ, ഓരോരുത്തരും മുസ്ലീം ആയും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണ് എന്നും അഭിപ്രായപ്പെട്ടിരുന്നു. “പക്ഷെ അവർ മതേതരാണ് എന്ന് പറയുന്നിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.” നൈപുണ്യ വികസനത്തിന്‍റെയും സംരംഭകത്വത്തിന്‍റെയും ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ