തിരുവനന്തപുരം: നരേന്ദ്ര മോദി അനുകൂല പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. മോദി അനുകൂല പ്രസ്താവന നടത്തിയ തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ തരൂരിനെതിരെ രംഗത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയെ തള്ളി തരൂര്‍ എത്തിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍ മറ്റാരേക്കാളും മോദിയെ എതിര്‍ത്തിട്ടുള്ള വ്യക്തിയാണ് താനെന്ന് ശശി തരൂര്‍ പറഞ്ഞു. തന്നെ പഠിപ്പിക്കാന്‍ ആരും വരേണ്ട. മോദിയുടെ നല്ല കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വാസ്യത കുറയും. പാര്‍ട്ടിയെ അത് ദോഷകരമായി ബാധിക്കുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണം. കെപിസിസി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കിൽ ഫോണിൽ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ലെന്നും തരൂർ പറഞ്ഞു.
Read Also: മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം; ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യായീകരിച്ച കോൺഗ്രസ് എംപി ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവന നടത്തിയിരുന്നു. ആര് പിന്തുണച്ചാലും നരേന്ദ്ര മോദിയുടെ ദുഷ്ചെയ്തികളെ ന്യായീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
“ആരു പറഞ്ഞാലും ശരി മോദിയുടെ ദുഷ്ചെയ്തികളെ അതുകൊണ്ടൊന്നും മറച്ചു വയ്ക്കാനാകില്ല. ആയിരം തെറ്റുകൾ ചെയ്തിട്ട് ഒരു ശരി ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ ചെയ്തികൾ രാജ്യത്തെ ജനങ്ങൾക്ക് സ്വീകര്യമല്ലാത്തതാണ്,” ചെന്നിത്തല പറഞ്ഞു.
Read Also: തരൂരിനെ തള്ളി ചെന്നിത്തല; ആരുപറഞ്ഞാലും മോദിയെ ന്യായീകരിക്കാൻ കഴിയില്ല
ധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്ന രീതി ശരിയല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെയും മനു അഭിഷേക് സിഗ്വിയുടെയും അഭിപ്രായത്തിന് പിന്തതുണയുമായാണ് ശശി തരൂർ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ആറ് വർഷമായി താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നായിരുന്നു ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. താൻ ഈ സമയം ഏറ്റവും അധികം വിമർശിക്കപ്പെടുന്ന അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയ കൂടുതൽ പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“നിങ്ങൾക്ക് അറിയാവുന്ന പോലെ, കഴിഞ്ഞ ആറ് വർഷമായി ഞാനിതാണ് പറയുന്നത്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കണം. അത് അദ്ദേഹം തെറ്റ് ചെയ്യുമ്പോൾ നമ്മുടെ വിമർശനങ്ങൾക്ക് കൂടുതൽ വിശ്വാസ്യത കൊണ്ടുവരും.” ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.