വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂര്‍ എംപി. കലയെയും കായിക ഇനങ്ങളെയും സ്‌നേഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളിലെല്ലാം ശശി തരൂര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ രംഗത്തു സജീവമാകുന്നതിനു മുന്‍പുള്ള തന്റെ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങള്‍ ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ ശശി തരൂര്‍ പങ്കുവച്ചു.

ജീവിതത്തിലെ ആദ്യത്തെ സീരിയസ് പ്രണയം 18-ാം വയസിലായിരുന്നെന്ന് തരൂര്‍ പറയുന്നു. കോളേജ് കാലത്തായിരുന്നു ആ പ്രണയം. എന്നെക്കാള്‍ പ്രായക്കൂടുതലുളള കുട്ടിയെയാണ് പ്രണയിച്ചത്. കോളേജിലെ ഒരു സംവാദ പരിപാടിയിൽ വച്ചാണ് ആ കുട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് അടുപ്പത്തിലായി. ആദ്യം ഇഷ്ടം തുറന്നുപറഞ്ഞത് താനാണെന്നും ശശി തരൂര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം തനിക്കു 21 വയസുള്ളപ്പോള്‍ ആ പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും തരൂര്‍ വെളിപ്പെടുത്തി.

Read Also: തിയറ്ററില്‍ ആദ്യമായി കയ്യടി ലഭിച്ചത് ആ കഥാപാത്രത്തിന്, മറക്കില്ല: ബിജു മേനോന്‍

ഇഡ്ഡലിയോടുള്ള ഇഷ്ടവും ശശി തരൂര്‍ തുറന്നുപറഞ്ഞു. ഇഡ്ഡലിയില്ലാതെ തനിക്കു ജീവിക്കാന്‍ കഴിയില്ലെന്നാണ് തരൂര്‍ പറയുന്നത്. ഏറെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് ഇഡ്ഡലി. യുഎന്നില്‍ ജോലി ചെയ്യുമ്പോഴാണ് ഇഡ്ഡലി കുക്ക് ചെയ്യാന്‍ പഠിച്ചത്. ശനിയാഴ്ചയോ ഞായറാഴ്ചയോ 10-88 ഇഡ്ഡലിയുണ്ടാക്കി ഫ്രിഡ്ജില്‍ വയ്ക്കും. എന്നിട്ട് ഓരോ ദിവസവും നാലെണ്ണം വീതം ചൂടാക്കി കഴിക്കും. അത്രയ്ക്കു ഇഷ്ടമാണ് തനിക്കു ഇഡ്ഡലിയോടെന്നും ശശി തരൂര്‍ പറഞ്ഞു. അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ ഇഡ്ഡലി കുക്ക് ചെയ്യുമെന്നും തരൂർ പറഞ്ഞു.

Read Also: കോൺഗ്രസിലേക്ക് വന്നത് ആജീവനന്തകാലത്തേക്ക് ഒരു ജോലിയെന്ന് കരുതിയല്ല: ശശി തരൂർ

മൂന്നാം ക്ലാസില്‍ രണ്ടു തവണ പഠിക്കേണ്ടി വന്നതില്‍ ഇപ്പോള്‍ അപമാനം തോന്നുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. “ബോംബെയിലാണ് ആദ്യത്തെ പഠനം. അതിനുശേഷം അച്ഛനും അമ്മയും എന്നെ ബോഡിങ്ങില്‍ കൊണ്ടാക്കി. അന്ന് അഞ്ചര വയസായിരുന്നു. എന്നെ മൂന്നാം ക്ലാസിലാണ് ചേര്‍ത്തത്. മറ്റുള്ള കുട്ടികളെല്ലാം എന്നേക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നവരായിരുന്നു. ആ സമയത്ത് വലിയ അലര്‍ജി പ്രശ്‌നങ്ങളുണ്ടായി. പഠിപ്പൊക്കെ നന്നായി പോയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. അലര്‍ജി കൂടിയപ്പോള്‍ ബോഡിങ് സ്‌കൂളിലെ ആശുപത്രിയില്‍ അഡ്മിറ്റാക്കി. മാനസികമായും ഏറെ പിരിമുറുക്കമുണ്ടായി. ഒടുവില്‍ ബോഡിങ്ങിലെ അധികൃതര്‍ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തി. എന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞു. അതിനുശേഷം, വീണ്ടും എന്നെ സ്‌കൂളില്‍ ചേര്‍ത്തു. ബോഡിങ്ങില്‍ വച്ച് മൂന്നാം ക്ലാസ് കഴിഞ്ഞിരുന്നെങ്കിലും ആറ് വയസ്സുള്ള കുട്ടിയെ നാലാം ക്ലാസില്‍ ചേർക്കാന പറ്റില്ലെന്നും ഒരിക്കല്‍ കൂടി മൂന്നാം ക്ലാസില്‍ പഠിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നാം ക്ലാസില്‍ രണ്ടു തവണ പഠിക്കേണ്ടി വന്നത്.”

എല്ലാ ക്ലാസുകളിലും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. എന്നാല്‍, എട്ടാം ക്ലാസില്‍ മാത്രമാണ് മൂന്നാം സ്ഥാനമായത്. ഇത് വീട്ടില്‍ വലിയ വേദനയുണ്ടാക്കി. എട്ടാം ക്ലാസില്‍ മൂന്നാമതായ കാര്യം അറിഞ്ഞപ്പോള്‍ വീടൊരു മരണവീട് പോലെയായി. അച്ഛനും അമ്മയുമൊന്നും തന്നോട് മിണ്ടിയില്ലെന്നും തരൂര്‍ പറയുന്നു. സ്‌കൂള്‍ പഠനക്കാലത്ത് മൂന്നു തവണ മികച്ച നടനായിട്ടുണ്ടെന്നും ഒരു തവണ രാജ് കപൂറിന്റെ മകന്‍ ഋഷി കപൂറിനെ മറികടന്നാണ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് ലഭിച്ചതെന്നും തരൂര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook