മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ടീമില്‍ തിരഞ്ഞെടുത്തതിന് മണിക്കൂറുകള്‍ക്കുളളില്‍ ശ്രദ്ധുല്‍ താക്കൂറിനെ തേടി ദുഃഖവാര്‍ത്ത. മുംബൈയിലെ പല്‍ഗാര്‍ ജില്ലയില്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ താരത്തിന്റെ മാതാപിതാക്കള്‍ക്ക് പരുക്കേറ്റു. ഡോ.ധവാലെ ചാരിറ്റബിള്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചെങ്കിലും ശ്രദ്ധുലിന്റെ പിതാവിനെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദഗ്‌ധ ചികിത്സയ്ക്കായി ലീലാവതിയിലെത്തിച്ചത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സ് താരമായ ശ്രദ്ധുല്‍ മുംബൈയിലേക്ക് തിരിച്ചു. അദ്ദേഹത്തിന്റെ അടുത്ത മൽസരം ഇതോടെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. പല്‍ഗാറിലെ അല്യാലിയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് നരേന്ദ്ര താക്കൂറും ഭാര്യയും അപകടത്തില്‍ പെട്ടത്. ചൊവ്വാഴ്ച്ച രാത്രിയോടെ മടങ്ങവേ സുന്ദരം സ്കൂളിന്റെ അടുത്തായി നടക്കുന്ന കെട്ടിട നിര്‍മ്മാണം ഇരുട്ടത്ത് കാണാനാവാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ബൈക്ക് വഴുതി വീണാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചു.

ശ്രദ്ധുലിന്റ മാതാവിന് നിസാര പരുക്കുകള്‍ മാത്രമാണ് പറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയച്ചു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും പിതാവ് ചികിത്സ തേടുന്നുണ്ട്. നേരത്തെ ഇദ്ദേഹത്തിന് രണ്ട് ഹൃദയശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇദ്ദേഹം ഛര്‍ദ്ദിച്ചതോടെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധന നടത്തി അദ്ദേഹത്തെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശിച്ചത്.

ശ്രദ്ധുലിന്റെ മാതാവിന് പ്രാഥമിക ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു. വെളളിയാഴ്ചയാണ് ചെന്നൈ രാജസ്ഥാനെ നേരിടുന്നത്. ശ്രദ്ധുല്‍ ഈ മൽസരത്തില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ പിതാവിന്റെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook