മുംബൈ:നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ശരദ് പവാറിന്റെ മാറ്റം. ജനങ്ങളുടെ വികാരങ്ങളെ അനാദരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ നിയോഗിച്ച 18 അംഗ സമിതി പവാറിന്റെ രാജി ഏകകണ്ഠമായി തള്ളി മണിക്കൂറുകള്‍ക്ക് ശേഷമാണ് ശരദ് പവാര്‍ നേരിട്ട് രംഗത്ത് വന്നത്. ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് സമിതി ശിപാര്‍ശ ചെയ്തതായി മുതിര്‍ന്ന പാര്‍ട്ടി നേതാവും കമ്മിറ്റി കണ്‍വീനറുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
”എന്റെ ആത്മകഥയുടെ പ്രസിദ്ധീകരണ വേളയില്‍, എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള വിരമിക്കല്‍ ഞാന്‍ പ്രഖ്യാപിച്ചിരുന്നു. 63 വര്‍ഷത്തെ പൊതുജീവിതത്തിന് ശേഷം എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മുക്തനാകാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാലും എന്റെ തീരുമാനം ജനങ്ങളിലേക്ക് ചേക്കേറാതെ ശക്തമായ പ്രതികരണമാണ് കണ്ടത്. എന്‍സിപി പ്രവര്‍ത്തകരും ഭാരവാഹികളും ജനങ്ങളും അസന്തുഷ്ടരായി. എന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. അതിനായി അവര്‍ എന്നോട് അപേക്ഷിച്ചു. കൂടാതെ, സംസ്ഥാനത്തും രാജ്യത്തുടനീളമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ പാര്‍ട്ടിയുടെ പ്രസിഡന്റായി തുടരാന്‍ എന്നോട് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ സ്‌നേഹം എന്നെ വികാരഭരിതനാക്കി. മുതിര്‍ന്ന എന്‍സിപി നേതാക്കളുടെ സമിതിയുടെ തീരുമാനം എന്നെ അറിയിക്കുകയും ഞാന്‍ അത് മാനിക്കുകയും ചെയ്തു. അതിനാല്‍, സ്ഥാനമൊഴിയാനുള്ള എന്റെ തീരുമാനം ഞാന്‍ പിന്‍വലിക്കുന്നു.” ആളുകളുടെ വികാരങ്ങളെ അനാദരിക്കാനാവില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ തന്റെ ഉത്തരവാദിത്തങ്ങളില്‍ തുടരുമെങ്കിലും, ഇപ്പോള്‍ തന്റെ പ്രാഥമിക ശ്രദ്ധ ഒരു പുതിയ നേതൃത്വത്തെ സൃഷ്ടിക്കുന്നതിലും അവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ കൈമാറുന്നതിലാണെന്നും ശരദ് പവാര്‍ പറഞ്ഞു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് താന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പവാര്‍ പറഞ്ഞു: ”തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരുന്നത് പ്രധാനമാണ്. ഇതിന് എന്നെ ആവശ്യമാണെന്ന് പറഞ്ഞ പലരുമായും ഞാന്‍ വ്യക്തിപരമായ ബന്ധം ഇഷ്ടപ്പെടുന്നു. അവരില്‍ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങി നിരവധി പേര്‍ ഉള്‍പ്പെടുന്നു. ഞങ്ങളുടെ ചില എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും തന്റെ രാജി പ്രഖ്യാപിച്ചതു മുതല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് പവാര്‍ പറഞ്ഞു.